കോണ്‍ഗ്രസിന് ആശ്വാസം, പിള്ള മത്സരിക്കില്ല

ബുധന്‍, 23 മാര്‍ച്ച് 2011 (18:22 IST)
PRO
സ്ഥാനാര്‍ത്ഥിപ്പട്ടികാ വിവാദങ്ങളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് താല്‍ക്കാലികാശ്വാസം. ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഉമ്മന്‍‌ചാണ്ടിയും പി പി തങ്കച്ചനും പിള്ളയെ ജയിലില്‍ സന്ദര്‍ശിച്ച് ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’ എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ച പിള്ള താന്‍ മത്സരരംഗത്തുനിന്ന് പിന്‍‌മാറുകയാണെന്ന് നേതാക്കളെ അറിയിച്ചു.

ഇതനുസരിച്ച് ഡോ. എന്‍ എന്‍ മുരളി കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് ബി കൊല്ലം ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിള്ളയ്ക്കൊപ്പം എന്‍ എന്‍ മുരളിയും ഡമ്മി പത്രിക നല്‍കുമെന്ന് കെ ബി ഗണേഷ്കുമാര്‍ അറിയിച്ചിരുന്നു.

പിള്ള സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ വി എസും പിണറായിയും കോടിയേരിയും ഉള്‍പ്പടെയുള്ള ഇടതുനേതാക്കള്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചുതുടങ്ങി. ഇതിന്‍റെ അപകടം തിരിച്ചറിഞ്ഞ ഉമ്മന്‍‌ചാണ്ടിയും പി പി തങ്കച്ചനും പിള്ളയെ ജയിലില്‍ സന്ദര്‍ശിച്ച് മത്സരിക്കരുത് എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗണേഷ്കുമാറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഇതോടെ പിള്ളയെക്കൊണ്ടുള്ള തലവേദന ഒഴിഞ്ഞെങ്കിലും ശോഭനാ ജോര്‍ജ്, പത്മജ വേണുഗോപാല്‍, എ വി ഗോപിനാഥ്, എം എം ഹസന്‍, കെ ടി ബെന്നി, ടി സിദ്ദിഖ്, ശാന്താ ജയറാം, ജോസഫ് എം പുതുശ്ശേരി തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നറിയാതെ തലപുകയ്ക്കുകയാണ് യു ഡി എഫ് നേതൃത്വം.

വെബ്ദുനിയ വായിക്കുക