കേരാമൃതം വിപണനം വ്യാപകമാക്കും: മുഖ്യമന്ത്രി

വ്യാഴം, 7 നവം‌ബര്‍ 2013 (17:03 IST)
PRO
PRO
കേരാമൃതത്തിന്റെ വിപണനം വ്യാപകമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരകര്‍ഷകര്‍ക്ക് തെങ്ങില്‍നിന്നുളള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേരാമൃതത്തിന്റെ ഉത്പാദനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ച പ്രകൃതിദത്ത ആരോഗ്യപാനീയമായ കേരാമൃതം (നീര) സംഘമൈത്രി കര്‍ഷകസംഘടനയുടെ പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ക്ക് കൈമാറിക്കൊണ്ട് പാനീയത്തിന്റെ ഔദ്യോഗിക സമര്‍പ്പണം കനകക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കളളുചെത്തു വ്യവസായത്തെ ബാധിക്കാത്ത വിധത്തില്‍ കേരാമൃതത്തിന്റെ ഉത്പാദനവും വിപണനവും നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. കേരാമൃതം വിറ്റഴിക്കാനുളള അനുവാദം കാര്‍ഷിക സര്‍വകലാശാലയ്ക്ക് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട് എന്നും നീരയുടെ വിപണനത്തിനാവശ്യമായി അബ്കാരി നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എംപി വിന്‍സന്റ് എംഎല്‍എ അധ്യക്ഷനായിരുന്നു. തെങ്ങില്‍നിന്നുമെടുക്കുന്ന നീര പുളിച്ചുപോകാതെ സംസ്‌കരിച്ച് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ ആല്‍ക്കഹോള്‍ അംശമില്ലാത്ത ലഹരിമുക്തമായ പാനീയമാക്കിമാറ്റിയതാണ് കേരാമൃതം. ഉത്പന്നം ശീതീകരിച്ച അവസ്ഥയില്‍ മൂന്ന് മാസം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.

വെബ്ദുനിയ വായിക്കുക