കേരളമെങ്ങും വി എസ് തരംഗം. വി എസ് അച്യുതാനന്ദനെ മത്സരിപ്പിക്കാതിരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം അലയടിക്കുകയാണ്. എങ്ങും വി എസ് അനുകൂല പ്രകടനങ്ങള്‍ നടക്കുന്നു. കൊല്ലം പാരിപ്പള്ളിയില്‍ വി എസ് അനുകൂലികള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കോലം കത്തിച്ചു.
കൊല്ലം കുന്നത്തൂരില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ വി എസിനെ അനുകൂലിച്ച് പ്രകടനം നടത്തി. കരുവാരക്കുണ്ടില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. കോഴിക്കോട് ജില്ലയിലെ കായക്കൊടി, കരിമ്പാലക്കണ്ടി, കണയംകോട്, ചങ്ങരംകുളം എന്നിവിടങ്ങളില്‍ വി എസ് അനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തി.
തിരുവനന്തപുരത്തെ കുറ്റിച്ചലിലും എറണാകുളം കുമ്പളങ്ങിയിലും വി എസിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനം നടന്നു. മൊകേരിയില്‍ വന്‍ പ്രതിഷേധ റാലിയാണ് നടന്നത്. നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു പ്രകടനം.
വി എസിനെ മാറ്റി നിര്‍ത്തിയതില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ പല ബൂത്ത് കമ്മിറ്റി യോഗങ്ങളും മാറ്റിവച്ചിരിക്കുകയാണ്. വി എസിനെ മത്സരിപ്പിക്കണമെന്ന് സി പി എമ്മിന്റെ ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടു. വി എസിനെ മത്സരിപ്പിക്കേണ്ട എന്നത് ഒരു മണ്ടന്‍ തീരുമാനമാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി വിലയിരുത്തി.