കേരളത്തിലെ ബിജെപിയില്‍ തലമുറ മാറ്റം വേണം; കോഴ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നേതൃത്വം

വെള്ളി, 21 ജൂലൈ 2017 (12:18 IST)
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. കേരളത്തില്‍ തലമുറമാറ്റം അത്യാവശ്യമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു. 20 വര്‍ഷക്കാലമായി പല നേതാക്കളും അതേസ്ഥാനങ്ങളില്‍ തുടരുകയാണ്. അതുകൊണ്ടൊന്നും പാര്‍ട്ടിയ്ക്ക് കാര്യമായ പ്രയോജനമില്ല‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍ സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ മാറ്റാന്‍ നിലവില്‍ ആലോചനയില്ലെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.
 
അതേസമയം, മെഡിക്കല്‍ കോഴ ആരോപണത്തിൽ തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന്  കാണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അമിത് ഷായ്ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ‌ഇന്ന് ആലപ്പുഴയിൽ ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. അതേസമയം മെഡിക്കൽ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 
 
മെഡിക്കല്‍ കോളേജ് കോഴവിവാദത്തിന് പിന്നാലെ ബി ജെ പി. സംസ്ഥാന നേതൃത്വത്തിന് തലവേദനയായി കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ ഇനിയും വരാ ഉണ്ടെന്നും സൂചനയുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണക്കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക