ജെഎസ്എസ് അധ്യക്ഷ കെആര്‍ ഗൌരിയമ്മയെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ആലപ്പുഴയിലെ ചാത്തനാട്ടെ ഗൌരിയമ്മയുടെ വസതിയില്‍ എത്തിയാണ് പിണറായി ഗൌരിയമ്മയെ സന്ദര്‍ശിച്ചത്. നിയുക്ത മന്ത്രിമാരായ തോമസ് ഐസക്, ജിസുധാകരന്‍, ഇപി ജയരാജന്‍, എംഎം ആരിഫ് എംഎല്‍എ, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തുടങ്ങിയ നിരവധി പ്രമുഖരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു.
തികഞ്ഞ ആഹ്‌ളാദത്തോടെയായിരുന്നു ഗൗരിയമ്മയും ജെഎസ്എസ് പ്രവര്‍ത്തകരും പിണറായിയേയും സംഘത്തേയും വരവേറ്റത്. മാധ്യമങ്ങളിലൂടെ ഇന്ന് പിണറായിയുടെ പിറന്നാളാണെന്നറിഞ്ഞ ഗൗരിയമ്മ നിയുക്ത മുഖ്യമന്ത്രിക്ക് വേണ്ടി പിറന്നാള്‍ കേക്ക് കരുതിവച്ചിരുന്നു. കേക്ക് മുറിച്ച പിണറായി ആദ്യത്തെ പങ്ക് ഗൗരിയമ്മയ്ക്ക് നല്‍കി. തുടര്‍ന്ന് നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൌരിയമ്മ വസതിയില്‍ ഉച്ചഭക്ഷണവും നല്‍കി.
നാളെ നടക്കാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൌരിയമ്മയെ ക്ഷണിക്കാനാണ് പിണറായിയും സംഘവും എത്തിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും പുതിയ സര്‍ക്കാരിന് മംഗളങ്ങള്‍ നേരുന്നതായും ഗൌരിയമ്മ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം പുഷ്പാര്‍ച്ചന നടത്തും.