കെ പി സി സിയുടെ അനങ്ങാപ്പാറ നയമാണ് യു ഡി എഫിന്റെ തോല്‍വിക്ക് കാരണം; സുധീരനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

ശനി, 21 മെയ് 2016 (15:49 IST)
കെ പി സി സിയുടെ അനങ്ങാപ്പാറ നയങ്ങളാണ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു കാരണമെന്ന് ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍. സര്‍ക്കാരിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായി. ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും നേതൃത്വവും പരാജയപ്പെട്ടുവെന്നും സുധാകരന്‍ വ്യക്തമാക്കി.  
 
ജില്ലാ നേതൃത്വം മുതല്‍ എ ഐ സി സി വരെ തോല്‍വിയില്‍ ഉത്തരവാദികളാണ്. സതീശന്‍ പാച്ചേനിയുടെ തോല്‍വി ഞെട്ടിച്ചെന്നും ഹിത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് നേതാക്കളെ ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ നേതൃത്വത്തിനു സാധിച്ചില്ല. ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും നേതാക്കളെ ഗ്രൂപ്പ് തിരിഞ്ഞ് അക്രമിച്ചു. അതു പ്രതിരോധിക്കാനും സർക്കാരിനോ നേതൃത്വത്തിനോ കഴിഞ്ഞില്ല. പാർട്ടിയും സർക്കാരും രണ്ടുതരത്തിൽ ആരോപണങ്ങളുമായി മുന്നോട്ടുപോയതാണ് വൻ തോൽവിക്ക് ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 
 
തെരെഞ്ഞെടുപ്പ് നയിക്കാന്‍ ഒരു നായകന്‍ ഇല്ലാത്തതാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് സതീശന്‍ പാച്ചേനി രംഗത്തെത്തിയിരുന്നു.കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുന്നത്. ലീഗിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായതും ബി ജെ പി വോട്ട് വര്‍ധിച്ചതും യു ഡി എഫ് പരാജയത്തിന് ആക്കം കൂട്ടിയെന്നും പാച്ചേനി ആരോപിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക