കൂറ്റന്‍ ഗണേശ വിഗ്രഹം ഒരുങ്ങുന്നു

വ്യാഴം, 25 സെപ്‌റ്റംബര്‍ 2008 (11:12 IST)
PROPRO
ലോകത്തിലെ ഏറ്റവും വലിയ ഗണേശ വിഗ്രഹം കേരളത്തില്‍ സ്ഥാപിക്കാന്‍ ശിവസേന തയ്യാറെടുക്കുന്നു. നൂറ് കോടി രൂപ ചെലവാക്കിയാണ് 180 അടി ഉയരമുള്ള വിഗ്രഹം സ്ഥാപിക്കുന്നത്.

പതിനഞ്ച് ഏക്കര്‍ സ്ഥലത്താണ് വിഗ്രഹം സ്ഥാപിക്കുക എന്ന് ശിവസേന സംസ്ഥാന രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍ ‘വെബ്‌ദുനിയ’യെ അറിയിച്ചു. രണ്ട് ഏക്കറോളം പ്രദേശത്ത് നിറഞ്ഞ് നില്‍ക്കുന്ന മഹാഗണപതിയുടെ രൂപം 2013 ഓടെ പൂര്‍ത്തിയാക്കാനാണ് ലക്‍ഷ്യമിടുന്നത്.

തിരുവനന്തപുരം ജില്ലയിലെ വെള്ളറട, കൊല്ലം ജില്ലയിലെ പാരിപ്പള്ളി എന്നിവിടങ്ങളിലാണ് വിഗ്രഹം സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ കുമാരകോവിലില്‍ ഒരു ഭക്തന്‍ ആവശ്യത്തിന് സ്ഥലം നല്‍കാമെന്ന് അറിയിച്ചെങ്കിലും കേരളത്തില്‍ തന്നെ വിഗ്രഹം സ്ഥാപിക്കണമെന്ന നിലപാടിലാണ് ശിവസേന.

PROPRO
ലോകത്തിലെ ഏറ്റവും വലിയ ഗണേശ വിഗ്രഹമായിരിക്കുമിതെന്ന് ശിവസേന അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശവിഗ്രഹം ഉള്ളത്‌ 66 അടിയാണ്‌ ഈ വിഗ്രഹത്തിന്‍റെ ഉയരം. 24 അടി ഉയരത്തിലാണ്‌ വിഗ്രഹം സ്ഥിതി ചെയ്യുന്നത്‌. അതായത്‌ ഭൂമിയില്‍ നിന്ന്‌ 90 അടി പൊക്കമാണ്‌ ഈ വിഗ്രഹത്തിന്‌ ഉള്ളത്‌.

എന്നാല്‍ 180 അടി പൊക്കമുള്ള ഗണേശ വിഗ്രഹമാണ്‌ കേരളത്തില്‍ നിര്‍മ്മിക്കാന്‍ ശിവസേന തയ്യാറെടുക്കുന്നത്‌. പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഗണേശ വിഗ്രഹമായിരിക്കും ഇവിടെ ഒരുങ്ങുക.

കാലുകള്‍ നിലത്തൂന്നിയ മഹാഗണപതി വിഗ്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഹെലികോപ്ടള്‍ ഉപയോഗിച്ച് പൂജയും അഭിഷേകവും നടത്തും. വിഗ്രഹത്തിന് ചുറ്റുമായി 32 ഭാവങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കും.

കൂടാതെ ഗണപതിയുടെ വാഹനങ്ങളായ മയില്‍, എലി തുടങ്ങിയവയുടെ രൂപങ്ങളും ഉണ്ടായിരിക്കും. പീഠത്തിനുള്ളില്‍ സാധാരണ നിലയിലുള്ള ഒരു ക്ഷേത്രവും പണിയും. ഇതിനുള്ളിലും ഗണപതിയുടെ വിഗ്രഹമായിരിക്കും പ്രതിഷ്ഠിക്കുക. ഇവിടെ നിത്യേന പൂജയും വഴിപാടുകളും നടത്തും.