കൂറുമാറ്റം: അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റിനെ അയോഗ്യയാക്കി

വ്യാഴം, 10 ഒക്‌ടോബര്‍ 2013 (12:33 IST)
PRO
കൂറുമാറ്റനിരോധനനിയമം ലംഘിച്ചതിന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ കെ ഉഷയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യയാക്കി.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാലക്കാട് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പഞ്ചായത്ത് പൊതു തിരഞ്ഞെടുപ്പില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ യു ഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റ് ലഭിച്ചു.

തുടര്‍ന്ന് കോണ്‍ഗ്രസിലെ എം.ആര്‍.സത്യന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് (ജേക്കബ്) അംഗമായ കെ കെ ഉഷ വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23 ന് സത്യനെതിരെ എല്‍ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കെ കെ ഉഷയുടെ സഹായത്തോടെ പാസായി.

പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗികസ്ഥാനാര്‍ത്ഥിക്കെതിരെ, എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച് കെകെ ഉഷ പ്രസിഡന്റായി. യുഡിഎഫ് ടിക്കറ്റില്‍ ജയിച്ചശേഷം എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയും അവരുടെ പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ ഉഷയെ അയോഗ്യയാക്കിയത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ ആറു വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക