കുറ്റവാളികള്‍ ജാഗ്രതൈ! വരുന്നു ‘ഓപറേഷന്‍ ഇടിമിന്നല്‍’

വ്യാഴം, 9 ജൂണ്‍ 2016 (19:11 IST)
കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാന്‍ പുതിയ പദ്ധതിയുമായി ഡി ജി പിയുടെ ‘ഓപറേഷന്‍ ഇടിമിന്നല്‍’. സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് പുതിയ ഷാഡോ പൊലീസിനെ രംഗത്തിറക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ബുധനാഴ്ച മുതല്‍ ഷാഡോ പൊലീസ് പ്രാബല്യത്തില്‍ വരും‍. ഓരോ പൊലീസ് ജില്ലകളിലെയും വനിതാ സി ഐമാരുടെ നേതൃത്വത്തില്‍ രണ്ട് വനിതാ പൊലീസും ഒരു സിവില്‍ പൊലീസും അടങ്ങുന്നതാണ് ‘ഇടിമിന്നല്‍’ ഷാഡോ സേന.
 
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും മറ്റ് കുറ്റകൃത്യങ്ങളും തടയുക എന്നതാണ് ഷാഡോ പൊലീസിന്റെ പ്രധാന ജോലി. സ്കൂളുകള്‍ക്ക് പുറമെ ഷോപ്പിങ് മാളുകള്‍, തിയറ്ററുകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം ഷാഡോ പൊലീസിന്റെ കണ്ണുണ്ടാകും. ബസിനുള്ളില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, മയക്കുമരുന്നു കേസുകള്‍, ബൈക്ക് മോഷണ കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഷാഡോ പൊലീസിനാകുമെന്നാണ് പ്രതീക്ഷ.
 
ഒരുവട്ടം പാലക്കാട് ജില്ലയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ ഇനി മുതല്‍ 24 മണിക്കൂറും ഷാഡോ നിരീക്ഷണത്തിലായിരിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ എട്ട് മുതല്‍ 11 വരെയും വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമാണ് ഇവരുടെ നിരീക്ഷണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക