കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാകും: വി എസ്

വ്യാഴം, 8 ജൂണ്‍ 2017 (10:42 IST)
കന്നുകാലി കശാപ്പിനെതിരെ വിജ്ജാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദൻ. ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങൾ ആണ് ഗോമാതാവിനും കാളപിതാവിനും വേണ്ടി കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നതെന്ന് വി എസ് നിയമസഭ സമ്മേളനത്തിൽ പറഞ്ഞു. 
 
കേന്ദ്ര സർക്കാരിന്റെ വിജ്ജാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി എസ്. വല്ലപ്പോഴും ഇന്തയിലേക്ക് വരുന്ന പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്നും അദ്ദേഹത്തോട് കേരള ജനതയുടെ വികാരം എന്താണെന്ന് ഒ രാജഗോപാൽ പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
 
പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്ന് ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നതെന്നും വി എസ് തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക