കരിഓയില്‍ കേസ് പിന്‍വലിച്ചതിനെതിരെ വിഎം സുധീരന്‍

ചൊവ്വ, 13 ജനുവരി 2015 (12:19 IST)
കരി ഓയില്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ‍. കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് സുധീരന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഹയര്‍ സെക്കണ്ടറി മുന്‍ ഡയറക്‌ടര്‍ ആയിരുന്ന കേശവേന്ദ്ര കുമാര്‍ ഐ എ എസിനു മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചിരുന്നു. 2012 ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. 2013ല്‍ ആഭ്യന്തരവകുപ്പ്‌ അറിയാതെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പാണ്‌ കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌
 
കേസില്‍ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലായിരുന്നു കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. സര്‍ക്കാര്‍ തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു. കേസ്‌ പിന്‍വലിക്കുന്നതിനെതിരെ ശക്‌തമായ പ്രതിഷേധവുമായി ഐ എ എസ്‌ അസോസിയേഷനും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കെ എസ് യു പ്രതികരിച്ചത്.
 
കേസ്‌ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ കേശവേന്ദ്രകുമാര്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കിയിരുനു. ഇത്‌ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ , കരിഓയില്‍ കേസ്‌ പിന്‍വലിക്കുന്നതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ അധികാരമുള്ളത്‌ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക