കരാർ ലംഘിച്ച് മാണി വിഭാഗം; മഷിയുണങ്ങും മുമ്പ് കൊടും ചതി നടത്തിയെന്ന് കോൺഗ്രസ്

ബുധന്‍, 3 മെയ് 2017 (12:48 IST)
കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ചാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതെന്ന് ജോഷി ഫിലിപ്പ്. സിപിഎമ്മിന്റെ പിന്തുണയോടെയാണ് മാണി വിഭാഗം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതെന്നത് വിവാദങ്ങൾ സൃഷ്ടിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിയ ധാരണാ പത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു. കരാർ ലംഘിച്ച് സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് കരാർ പുറത്തുവിട്ടത്.
 
കൊടും ചതിയാണ് കേരള കോണ്‍ഗ്രസ് ചെയ്തതെന്നും ധാരണാ പത്രം ഒപ്പുവച്ചതിന്റെ  മഷിയുണങ്ങും മുമ്പാണ് കേരള കോണ്‍ഗ്രസ് ചതി കാണിച്ചതെന്നും ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാണിയുമായി ചർച്ച നടത്താൻ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ശ്രമിച്ചെങ്കിലും മാണി അതിനു സമ്മതിച്ചില്ലെന്നും ജോഷി ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക