കതിരൂർ മനോജിനെ വധിച്ച കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മുഖ്യആസൂത്രകനാക്കിയുള്ള കുറ്റപത്രം തലശേരി സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. ജയരാജനെ കൂടാതെ മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ജയരാജനെ 25ആം പ്രതിയാക്കി കഴിഞ്ഞ വർഷം ജനുവരിയിൽ സി.ബി.ഐ തലശേരി സെഷൻസ് കോടതിയിൽ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനാണ് മുഖ്യആസൂത്രകനെന്ന് സി.ബി.ഐ പറയുന്നത്.
2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. അന്ന് രാവിലെ കതിരൂരിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിയുകയും വണ്ടിയിൽ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയുമായിരുന്നുയെന്നാണ് കേസ്. ഈ കേസില്‍ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാർച്ചിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
1999 ആഗസ്റ്റ് 25ന് തിരുവോണനാളിൽ ജയരാജനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. നേരത്തേ സി.പി.എം വിട്ട് ആർ.എസ്.എസിൽ ചേർന്ന അഞ്ഞൂറോളം പേർക്ക് സ്വീകരണമൊരുക്കിയതിന്റെ മുഖ്യചുമതലക്കാരനും മനോജായിരുന്നു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി സംസാരിച്ച ജയരാജൻ മറ്റു പ്രതികളെ ഏകോപിപ്പിക്കാൻ ചുമതലയേല്പിച്ചു. വിക്രമൻ മറ്റുള്ളവരെ ഏകോപിപ്പിച്ച് കൊല നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.