കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു തലശേരി ജില്ലാ സെഷന്‍സ് ജഡ്‌ജി വി ജി അനില്‍കുമാറിന്റെ നടപടി. അതേസമയം നുണപരിശോധനയ്‌ക്ക് തയാറല്ലെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധയുമായി സഹകരിക്കണമെന്നു സി ബി ഐ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷമാണു നുണപരിശോധനയ്‌ക്ക് തയാറല്ലെന്ന് ജയരാജന്‍ നിലപാട് അറിയിച്ചത്.
കോടതി അനുവദിച്ചതിനനുസരിച്ചുള്ള മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയെങ്കിലും ജയരാജന്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അടുത്തദിവസംതന്നെ ജയരാജനെ വീണ്ടും കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിക്കാനാണ് സി ബി ഐ തീരുമാനം. ദേഹാസ്വാസ്‌ഥ്യമുണ്ടെന്നു ജയരാജന്‍ ചൂണ്ടിക്കാട്ടിയതിനാല്‍ ഇടയ്‌ക്കിടെ ഡോക്‌ടറുടെ സേവനം തേടേണ്ടിവന്നു. മണിക്കൂറുകളോളം ജയരാജന് വിശ്രമം അനുവദിക്കേണ്ട സാഹചര്യവുമുണ്ടായി.
പ്രധാന പ്രതി വിക്രമന് ബംഗളുരു നിംഹാന്‍സില്‍ ചികിത്സയ്‌ക്കു സൗകര്യമൊരുക്കിയിരുന്നെന്ന് ജയരാജന്‍ സമ്മതിച്ചെങ്കിലും അതിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതികരിച്ചത്. പിടിയിലായ പ്രതികള്‍ക്ക് പാര്‍ട്ടി നല്‍കിയ സഹായവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് അങ്ങിനെ പല സഹായങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായിട്ടുണ്ടാകാമെന്നും അതൊന്നും തന്റെ ഉത്തരവാദിത്വത്തില്‍ വരുന്ന കാര്യങ്ങളല്ലെന്നും പി ജയരാജന്‍ പറഞ്ഞു.