കണ്‍സ്യൂമര്‍ഫെഡ്‌ അഴിമിതി: മന്ത്രി സി എന്‍ ബാലകൃഷ്‌ണനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌

വെള്ളി, 11 മാര്‍ച്ച് 2016 (04:58 IST)
കണ്‍സ്യൂമര്‍ഫെഡ്‌ അഴിമിതിയാരോപണവുമായി ബന്ധപ്പെട്ട്‌ മന്ത്രി സി എന്‍ ബാലകൃഷ്‌ണനെതിരേ അന്വേഷണത്തിന്‌ ഉത്തരവ്‌. കണ്‍സ്യൂമര്‍ഫെഡ്‌ ചില്ലറ മദ്യവില്‍പനശാലയില്‍ പണം തിരിമിറിയുണ്ടായെന്നു കാട്ടി പൊതുപ്രവര്‍ത്തകനും മലയാളവേദി പ്രസിഡന്റുമായ ജോര്‍ജ്‌ വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ വാസന്റെ ഉത്തരവ്‌. ഏപ്രില്‍ നാലിന്‌ റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു.
 
തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ മദ്യവില്‍പനശാലയില്‍നിന്ന്‌ 2011ല്‍ കണ്‍സ്യൂമര്‍ഫെഡ്‌ എം ഡി റിജി ജി നായരുടെ നിര്‍ദേശപ്രകാരം ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക്‌ കൈമാറിയെന്നാണ്‌ മന്ത്രിക്കെതിരായ ആരോപണം. വിദേശമദ്യം വാങ്ങിയതിന്‌ അഞ്ചു കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്ന പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരി 18ന്‌ ദ്രുതപരിശോധനയ്‌ക്കു കോടതി ഉത്തരവുനല്‍കിയിരുന്നു. ഈ പരാതിയും അന്വേഷിക്കാനും ഏപ്രില്‍ നാലിന്‌ രണ്ട്‌ അന്വേഷണങ്ങളിലുമുള്ള റിപ്പോര്‍ട്ട്‌ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
 
മന്ത്രി അഞ്ചുകോടി കൈപറ്റിയതില്‍ രണ്ടു കോടി രൂപ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്റെ വസതിയില്‍ കൈമാറുന്നതു കണ്ടുവെന്ന പി എ ശേഖരന്റെ മൊഴി ഗൗരവമുള്ളതാണെന്ന്‌ വിലയിരുത്തിയാണ്‌ ഫെബ്രുവരി 18ന്‌ ആദ്യം ദ്രുതപരിശോധനക്ക്‌ ഉത്തരവിട്ടത്‌. മന്ത്രി സി എന്‍ ബാലകൃഷ്‌ണനു പുറമേ കണ്‍സ്യൂമര്‍ഫെഡ്‌ മുന്‍ പ്രസിഡന്റ്‌ ജോയ്‌ തോമസ്‌, മുന്‍ എം ഡി റിജി ജി നായര്‍, മുന്‍ ചീഫ്‌ മാനേജര്‍ ആര്‍.ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ്‌ ആദ്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നത്‌.
 

വെബ്ദുനിയ വായിക്കുക