ഓപ്പറേഷന്‍ കുബേര: 32 പേര്‍ കൂടി അറസ്റ്റില്‍

ബുധന്‍, 14 മെയ് 2014 (09:41 IST)
നിയമവിരുദ്ധമായി അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നവര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേര തുടരുന്നു. 473 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 44 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തെന്നും 32 പേര്‍ അറസ്റ്റിലായെന്നും സംസ്ഥാന പൊലീസ് മേധാവി കെഎസ് ബാലസുബ്രമണ്യം അറിയിച്ചു.
 
റെയ്ഡില്‍ ഒട്ടേറെ ബാങ്ക് ചെക്ക് ലീഫുകള്‍, മുദ്രപ്പത്രങ്ങള്‍, വാഹനങ്ങളുടെ ആര്‍. സി.ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകള്‍ പിടിച്ചെടുത്തു. കൂടാതെ അനധികൃതമായി കൈവശംവച്ച 18,65,000 രൂപയും കണ്ടെടുത്തു.
ഇതോടെ അമിത പലിശക്കാര്‍ക്കെതിരെ നടന്ന 2235 റെയ്ഡുകളിലായി 158 പേരെ അറസ്റ്റ് ചെയ്തു. 248 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തു. അമിത പലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാടു സഥാപനങ്ങളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
 
ബ്ലേഡ് പലിശയുടെ പേരില്‍ മാഫിയ പ്രവര്‍ത്തനം നടത്തുന്നവരെ ഗുണ്ട നിയമം (കാപ) ചുമത്തും. ഇവരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പാലക്കാട് മുന്‍ നഗരസഭ കൗണ്‍സിലര്‍ അടക്കം 15 പേര്‍ അറസ്റ്റിലായി. 11 പേര്‍ക്കെതിരെ കേസെടുത്തു. 75 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിദേശ നോട്ടുകളും 53 ഗ്രാം സ്വര്‍ണവും വസ്തുവിന്റെ രേഖകളും പിടിച്ചെടുത്തു. 54 വാഹനങ്ങളും പിടിച്ചെടുത്തു. 

വെബ്ദുനിയ വായിക്കുക