ഒ വി വിജയന്‍റെ പ്രതിമ: പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു
ശനി, 30 മാര്‍ച്ച് 2013 (12:14 IST)
PRO
ഒ വി വിജയന്‍റെ തകര്‍ത്ത പ്രതിമയുടെ പുനര്‍നിര്‍മ്മാണം കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുരോഗമിക്കുന്നു. ശില്‍പി ഇന്‍റന്നൂര്‍ ബാലകൃഷ്ണനാണ് പുനര്‍നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്തുന്നത്.
കോട്ടയ്ക്കല്‍ എംഎല്‍എ എം പി അബ്ദുള്‍ സമദ് സമദാനി, ജില്ലാ പൊലീസ് തലവന്‍ കെ സേതുരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിമയുടെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായത്.
പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഈ അന്വേഷണം പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് തിരൂര്‍ സി ഐ റാഫി കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് ഉറപ്പ് നല്‍കി.
സ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്‍ പ്രതിമ വിവാദമാവുകയും ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ക്കപ്പെടുകയുമായിരുന്നു. എന്തായാലും പ്രതിമയ്ക്ക് പൊലീസ് കനത്ത സംരക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്.