ഒറ്റക്കയ്യന്‍ കുഞ്ഞിനെ തട്ടിയെടുത്തു, മാനഭംഗത്തിന് ശ്രമിച്ചു
ബുധന്‍, 16 ഫെബ്രുവരി 2011 (18:02 IST)
PRO
ഷൊര്‍ണൂര്‍ സ്വദേശിനി സൌമ്യയുടെ മരണത്തിന് കാരണക്കാരനായ ഒറ്റക്കയ്യന്‍ ഗോവിന്ദസ്വാമിക്കെതിരെ കൂടുതല്‍ തെളിവുകളുമായി സ്ത്രീകള്‍ രംഗത്ത്. സേലം സ്വദേശിനിയായ നീലമേഘത്തിന്‍റെ പണം തട്ടിയെടുത്തതും വാഴപ്പാടി സ്വദേശിനിയായ ദേവകിയുടെ തലയ്ക്കടിച്ച ശേഷം മാല തട്ടിയെടുത്തതും ഇതേ ഒറ്റക്കയ്യന്‍ തന്നെയാണെന്ന് ബോധ്യമായി. ഒറ്റക്കയ്യനെ കേരളത്തിലെ നടപടികള്‍ക്ക് ശേഷം തമിഴ്നാടിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിന് കത്തുനല്‍കും.
ഷൊര്‍ണൂരിലെ സൌമ്യ വധക്കേസിന് സമാനമായ ഒരു സംഭവമാണ് രണ്ടുവര്‍ഷം മുമ്പ് വിരുദ്ധാചലം പാസഞ്ചറിലും ഒറ്റക്കയ്യന്‍ സൃഷ്ടിച്ചത്. വാഴപ്പാടി സ്വദേശിനിയായ ദേവകി(29) കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അതിരാവിലെയാണ് സംഭവം. കോച്ചില്‍ ദേവകിയും കുഞ്ഞും മാത്രം. പെട്ടെന്നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ഒറ്റക്കയ്യന്‍ ചാടിക്കയറിയത്. ദേവകിയുടെ കൈയിലിരുന്ന കുഞ്ഞിനെ അയാള്‍ തട്ടിപ്പറിച്ചു. ആഭരണങ്ങള്‍ തന്നില്ലെങ്കില്‍ കുഞ്ഞിനെ പുറത്തേക്കെറിയും എന്ന് ഭീഷണിപ്പെടുത്തി.
ആഭരണങ്ങള്‍ എല്ലാം അഴിച്ചു നല്‍കിയതോടെ കുഞ്ഞിനെ ഒറ്റക്കയ്യന്‍ ടോയ്‌ലറ്റിലിട്ട് വാതിലടച്ചു. പിന്നീട് ദേവകിയെ ആക്രമിച്ചു. കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് ദേവകിയുടെ തലയ്ക്കടിച്ചു. പിന്നീട് തറയില്‍ കിടത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനില്‍ എത്തിയിരുന്നു. കോച്ചിനകത്തേക്ക് ആളുകള്‍ കയറുന്നതു കണ്ട ഒറ്റക്കയ്യന്‍ ഇറങ്ങിയോടി. ട്രെയിനില്‍ കയറാനെത്തിയ യാത്രക്കാര്‍ ദേവകിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ദേവകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റക്കയ്യനെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റുചെയ്തു. എന്നാല്‍ ഒറ്റക്കയ്യനായ ഗോവിന്ദസ്വാമിക്ക് ഇത്രയും അക്രമം ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് നിരീക്ഷിച്ച് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.
സൌമ്യ വധക്കേസില്‍ ഒറ്റക്കയ്യന്‍ പിടിയിലായതോടെ കൂടുതല്‍ സ്ത്രീകള്‍ ഇയാളെ തിരിച്ചറിഞ്ഞ് പരാതികളുമായി എത്തുന്നുണ്ട്.