ഒരു ബള്‍ബ് വീതം ഓഫ് ചെയ്താല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാം!

ശനി, 6 ഏപ്രില്‍ 2013 (11:18 IST)
PRO
പരിസ്ഥിതി സംരക്ഷണം നാളെയുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പ്ളാനറ്റോറിയത്തില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനം ഇന്നിന്റെ ആവശ്യമാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണം അതിലുമേറെ പ്രാധാന്യമര്‍ഹിക്കുന്നു. നാളെയെ മറന്നുപോകാന്‍ പാടില്ല - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഊര്‍ജ്ജ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വെളിച്ചത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിക്കേണ്ടത് ഏവരുടെയും കടമയാണ്. വൈദ്യുതി ബോര്‍ഡിന്റെ കണക്കനുസരിച്ച് ഒരു ബള്‍ബ് വീതം ഓഫ് ചെയ്താല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലുള്ള നേട്ടം സംസ്ഥാനത്തിന് ഉണ്ടാകും. സംസ്ഥാനത്ത്
എ സിയുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്ത് മറ്റ് പലവിധത്തില്‍ ഉണ്ടാകുമെന്ന് ശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷമുള്‍പ്പെടെ മലിനമാകുന്ന മറ്റു പ്രശ്നങ്ങളും ഇതുണ്ടാക്കും.

ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരാവശ്യമാണ്. ജലസ്രോതസുകള്‍ നേരിടുന്ന നശീകരണവും ഗൌരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍, പി സി വിഷ്ണുനാഥ് എം എല്‍ എ എന്നിവര്‍ പ്രസംഗിച്ചു.

വെബ്ദുനിയ വായിക്കുക