ഒടുവില്‍ പിണറായി കളത്തിലിറങ്ങുന്നു, റിസര്‍വ് ബാങ്കിന് മുന്നില്‍ വെള്ളിയാഴ്ച പിണറായി കുത്തിയിരിക്കും; മോദി മുട്ടുകുത്തുമോ?

വ്യാഴം, 17 നവം‌ബര്‍ 2016 (17:31 IST)
ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ രംഗത്തിറങ്ങുന്നു. റിസര്‍വ് ബാങ്കിന് മുന്നില്‍ പിണറായി വിജയന്‍ സമരമിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ചയാണ് സത്യഗ്രഹം നടത്തുന്നത്.
 
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് സമരം. രാഷ്ട്രീയ അജണ്ടയാണ് ബി ജെ പിയുടെ നടപടിയിലുള്ളതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 
അതേസമയം, സഹകരണമേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സമരത്തില്‍ പ്രതിപക്ഷവും അണിചേരുകയാണ്. സംയുക്ത പ്രക്ഷോഭത്തിന്‍റെ ആദ്യപടിയായി റിസര്‍വ് ബാങ്കിന് മുന്നില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ പ്രതിപക്ഷവും പങ്കെടുക്കും.
 
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍ ചെന്ന് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ധനമന്ത്രിയും സഹകരണമന്ത്രിയും ഉണ്ടായിരുന്നു. സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 21ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സര്‍വ്വ കക്ഷിയോഗത്തിലേക്ക് ബി ജെ പി നേതാക്കളെയും വിളിക്കുമെന്നാണ് സൂചന.
 
സഹകരണമേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക