ഏകാന്തതടവ്, സെല്ലിന്റെ ഉള്‍ഭാഗവും പരിസരവും നിരീക്ഷിക്കാന്‍ സി സി ടി വി: ജയിലിലെ കനത്ത സുരക്ഷയ്ക്കിടയില്‍ ശാന്തനായി അമീറുല്‍

ശനി, 18 ജൂണ്‍ 2016 (11:45 IST)
കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് കനത്ത സുരക്ഷ. ജയിലില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അമീറുല്‍ കഴിയുന്നത്‍. ഏകാന്ത തടവില്‍ കഴിയുന്ന പ്രതിക്ക് സി സി ടി വി ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജയില്‍ ഉന്നത സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലുള്ള കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
 
രണ്ട് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് അമീറുലിന്റ സുരക്ഷാ ചുമതല. ജയിലിലെ സി ബ്ലോക്കിലുള്ള അഞ്ചു സെല്ലുകളില്‍ ഒന്നിലാണ് അമീറുലിനെ താമസിപ്പിച്ചിരിക്കുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് ഒരു സെല്ലില് കഴിയുന്നത്‍. ആ സെല്ലിന് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സെല്ലിന്റെ ഉള്‍ഭാഗവും പരിസരവും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
 
ഇരുപത്തിനാലു മണിക്കൂറും പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. പ്രതിക്ക് നേരെ ആക്രമമുണ്ടാകാനുള്ള സാധ്യതയും പ്രതിയുടെ ചിത്രം പുറത്തുപോകാനുള്ള സാധ്യതകളും കൂടി കണക്കിലെടുത്താണ് അമീറുലിന് ജില്ലാ ജയിലില്‍ ഇത്രയും കനത്ത കാവല്‍ ഒരുക്കിയിരിക്കുന്നത്. ജയിലിലെത്തിയ ശേഷവും പ്രതി വളരെ ശാന്തനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക