എസ്‌ എസ്‌ എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം: ഈ വര്‍ഷം 4.75 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

ബുധന്‍, 9 മാര്‍ച്ച് 2016 (06:37 IST)
എസ്‌ എസ്‌ എല്‍ സി പരീക്ഷയ്‌ക്ക്‌ ഇന്ന് തുടക്കമാകും. 2903 സെന്ററുകളിലായി 4,74,286 വിദ്യാര്‍ഥികളാണ്‌ ഇക്കുറി പരീക്ഷ എഴുതുന്നത്‌. ഇവരില്‍ 2,33,094 പേര്‍ പെണ്‍കുട്ടികളും 2,41,192 പേര്‍ ആണ്‍കുട്ടികളുമാണ്‌. ഇതില്‍ 2,591 പേര്‍ പ്രൈവറ്റായി രജിസ്‌റ്റര്‍ ചെയ്‌തവരാണ്‌.  ഈ മാസം ഇരുപത്തി മൂന്നിനാണ് പരീക്ഷ കഴിയുന്നത്.
 
ഉച്ചകഴിഞ്ഞ്‌ 1.30 മുതലുള്ള പരീക്ഷയ്‌ക്ക്‌ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എം എസ്‌ ജയ അറിയിച്ചു. 54 സെന്ററുകളിലായി നടക്കുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 16-നകം പൂര്‍ത്തിയാക്കി 25-ന്‌ മുന്‍പ്‌ ഫലപ്രഖ്യാപനം നടത്തുമെന്നും അവര്‍ അറിയിച്ചു.
 
മലയാളം മീഡിയത്തില്‍ 32,0894 പേരും ഇംഗ്ലീഷ്‌ മീഡിയത്തില്‍ 14,8093 പേരും കന്നഡയില്‍ 3135 പേരും തമിഴില്‍ 2164 പേരും പരീക്ഷ എഴുതും. 83,315 കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുന്ന മലപ്പുറം റവന്യു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്‌. പത്തനംതിട്ട റവന്യു ജില്ലയിലാണ്‌ ഏറ്റവും കുറവ്‌. 12,451 പേര്‍. 28,052 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറമാണ്‌ എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല. ഏറ്റവും കുറവ്‌ പേര്‍ പരീക്ഷ എഴുതുന്നത്‌ കുട്ടനാട്ടിലും. 2428 പേര്‍.
 
ജനറല്‍ വിഭാഗത്തില്‍ 86,503 പേരും ഒ ബി സി വിഭാഗത്തില്‍ 3,12,728 പേരും ഒ ഇ സി വിഭാഗത്തില്‍ 16,661 പേരും എസ്‌ സി വിഭാഗത്തില്‍ 49,968 പേരും എസ്‌ ടി വിഭാഗത്തില്‍ 8,426 പേരും ഇത്തവണ പരീക്ഷ എഴുതും. കഴിഞ്ഞ വര്‍ഷം 4,68,466 പേരാണ്‌ പരീക്ഷ എഴുതിയത്‌. 1,157 സര്‍ക്കാര്‍ സ്‌കൂളുകളും 1502 എയ്‌ഡഡ്‌ സ്‌കൂളുകളും 379 അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും ഉള്‍പ്പെടെ 3,038 സ്‌കൂളുകളിലാണു പരീക്ഷ.
 

വെബ്ദുനിയ വായിക്കുക