എസ്‌പിയുടെ ആക്രമം: അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് ഇന്ന്

തിങ്കള്‍, 16 മാര്‍ച്ച് 2015 (08:58 IST)
ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയ ശനിയാഴ്ച എല്‍ ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച് നടത്തുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് എല്‍ ഡി എഫ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 
ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ച പ്രകടനത്തിനു ശേഷം സമാധാനപരമായി ടൗണില്‍ നില്‍ക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ  പ്രകോപനമൊന്നുമില്ലാതെ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്.
 
എന്നാല്‍, എസ് പിയുടെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പക്ഷം. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

ഇതിനിടെ, അങ്കമാലിയില്‍ ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിട്ടതിന് 70 എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചുപേരെ കസ്റ്റെഡിയിലെടുത്തു. ഇടതുമുന്നണി പ്രവര്‍ത്തകരെ തല്ലിച്ചതച്ച ആലുവ റൂറല്‍ എസ്പിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ ഇതേ വരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 
 
(ചിത്രത്തിനു കടപ്പാട് - ഫേസ്ബുക്ക്)

വെബ്ദുനിയ വായിക്കുക