എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്റെ അന്ത്യശാസനം
ഞായര്‍, 29 ഏപ്രില്‍ 2012 (17:18 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്ത്യശാസനം. നഷ്ടപരിഹാരം നല്‍കുന്നതില്‍ ഇനിയും കാലതാമസം വന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ജൂണ്‍ 11നകം ഹാജരാക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. 2010 ഡിസംബര്‍ 31നു നല്‍കിയ ശുപാര്‍കള്‍ നടപ്പാക്കാന്‍ കമ്മിഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കാലതാമസം വരുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണു കമ്മിഷന്‍ സര്‍ക്കാരിനു അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പൂര്‍ണമായി കിടപ്പിലായവര്‍ക്കും അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാണ് കമ്മിഷന്‍ ഉത്തരവിട്ടത്. ശാരീരിക ബുദ്ധിമുട്ടുളളവര്‍ക്കു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണം. ചികിത്സയ്ക്കായി ആശുപത്രി സൗകര്യം മെച്ചപ്പെടുത്താനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നടപടിയെടുക്കാനുമായിരുന്നു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്.