എന്‍ഡോസള്‍ഫാന്‍: മെയ് അഞ്ചിന് കാസര്‍കോട് ഹര്‍ത്താല്‍

ശനി, 28 ഏപ്രില്‍ 2012 (15:53 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിന്റെ പഠന റിപ്പോര്‍ട്ട്‌ തിരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് അഞ്ചിന് കാസര്‍കോട് ഹര്‍ത്താല്‍ ആചരിക്കും. കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഡി വൈ എഫ് ഐ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ അതിശയിപ്പിക്കുന്നതാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. സ്വന്തം ജനതയെ സര്‍ക്കാര്‍ ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ തെളിവ് ഇന്ത്യാ വിഷനാണ് പുറത്ത് വിട്ടത്. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ നടത്തിയ പഠന റിപ്പോര്‍ട്ട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ അയച്ച കത്താണ് ചാനല്‍ പുറത്തുകൊണ്ട് വന്നത്. കീടനാശിനി കമ്പനിയുടെ പ്രതിനിധി എസ്‌ ഗണേശനുമായി ആലോചിച്ച്‌ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തണമെന്നാണ്‌ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌.

വെബ്ദുനിയ വായിക്കുക