എന്റെ കൂടെ വരൂ.. കേരളത്തിൽ നൂറ് സോമാലിയകളെ ഞാൻ കാണിച്ചു തരാം: വിമര്‍ശകര്‍ക്ക് മറുപടിയുമായി സി കെ ജാനു

വ്യാഴം, 12 മെയ് 2016 (18:30 IST)
കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാനേതാവും ബത്തേരി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയുമായ സി കെ ജാനു രംഗത്ത്. ഒന്നല്ല നൂറു സോമാലിയകളെ കേരളത്തിൽ കാണിച്ചു തരാമെന്നും കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ സോമാലിയയേക്കാൾ കഷ്ടമാണെന്നും സി കെ ജാനു പറഞ്ഞു. 
 
പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണ് ആദിവാസി ഊരുകളിലെ അവസ്ഥ. മരിച്ചു കഴിഞ്ഞാൽ ശവമടക്കാൻ പോലുമുള്ള അവസ്ഥ ആദിവാസിക്ക് ഇന്നില്ല. കണക്കുകളിൽ പല കാര്യങ്ങളുമുണ്ടാവാം. പക്ഷേ അതിൽ നിന്നൊക്കെ ദയനീയമായ ചിത്രമാണ് ആദിവാസി ഊരുകളിൽ കാണാൻ സാധിക്കുന്നത്. ലേബർ ക്യാമ്പ് മോഡലിലാണ് ആദിവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതെന്നും ജാനു ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പോലും കഴിയാത്ത ആദിവാസികളുണ്ട്. തിരിച്ചറിയൽ കാർഡുകൾ പാർട്ടി ഓഫീസുകളില്‍ വാങ്ങിവച്ച് തെരഞ്ഞെടുപ്പ് ദിവസം കൂട്ടത്തോടെ വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോകുന്നത് നിത്യസംഭവമാണെന്നും ജാനു പറഞ്ഞു.
 
ആറ് പതിറ്റാണ്ടുകളായി ആദിവാസി ക്ഷേമത്തിന് അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു മാറി മാറി വന്ന സർക്കാരുകള്‍. സത്യം പറഞ്ഞതിന് പ്രധാനമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നതിൽ കാര്യമില്ല. ആദിവാസികൾക്ക് ഗുണമുണ്ടാകുന്ന പെസ നിയമം ഇതുവരെയുള്ള ഒരു സർക്കാരുകളും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്നും ജാനു കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക