എന്നെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കരുത്: മുഖ്യമന്ത്രി
തിങ്കള്‍, 20 ഓഗസ്റ്റ് 2012 (12:24 IST)
PRO
PRO
പരിപാടികള്‍ കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ വഴിയില്‍ ബ്ലോക്ക് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഇനി പ്രതികരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പറയും. അപ്പോള്‍ ചോദ്യങ്ങള്‍ ആവാം. മറ്റ് എന്തെങ്കിലും പ്രത്യേക വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനുണ്ടെങ്കില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് പ്രതികരിക്കും. അല്ലാതെ പരിപാടികള്‍ കഴിഞ്ഞിറങ്ങുമ്പോള്‍ ബ്ലോക്ക് ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രതികരിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.
കോതമംഗലത്ത് നഴ്സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സമരം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞിരുന്നു. ഒരേ ദിവസം നാല് തവണ ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും തുടര്‍ന്ന് വിവാദങ്ങളുണ്ടാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.