എം ജി സര്‍വകലാശാല വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വെള്ളി, 27 ഡിസം‌ബര്‍ 2013 (17:15 IST)
PRO
PRO
ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ എ വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് അവധിക്കാല ബഞ്ച് ഉത്തരവിട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ജോര്‍ജിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.

എ വി ജോര്‍ജിന് വിസിയാകാന്‍ യോഗ്യതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിസിയെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബയോഡാറ്റയില്‍ കാണിച്ച കൃത്രിമം ആണ് ജോര്‍ജിനെ വെട്ടിലാക്കിയത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നര മാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തിരച്ചെത്തുകയായിരുന്നു. പക്ഷേ ഡിസംബര്‍ 26ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

30 വര്‍ഷക്കാലമായി ക്രൈസ്റ്റ് കോളജില്‍ ജിയോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ മേധാവിയായി പ്രവര്‍ത്തിച്ചതായും ബയോഡാറ്റയിലുണ്ട്. എന്നാല്‍ ഈ കോളജില്‍ ഈ വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ അനുവദിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളു.

വെബ്ദുനിയ വായിക്കുക