ഉമ്മന്‍ചാണ്ടിയുടെ മറുപടി കമ്മീഷന് കൈമാറി

വെള്ളി, 24 ഏപ്രില്‍ 2009 (15:22 IST)
തെരഞ്ഞെടുപ്പു ദിവസം കണ്ണൂര്‍ സന്ദര്‍ശിച്ചതു സംബന്ധിച്ച് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണം ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറി. ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ്‌, കൂടുതല്‍ വിശകലനത്തിനായി മറുപടി കേന്ദ്ര കമ്മിഷന്‌ കൈമാറിയത്‌. താന്‍ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി മറുപടിയില്‍ വ്യക്തമാക്കുന്നത്.

പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്ന പ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടിയാണ് താന്‍ പതിനാറാം തീയതി കണ്ണൂരില്‍ പോയത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം പ്രവര്‍ത്തകരെ ആശ്വസിപ്പിക്കലും, ചികിത്സാ രീതികള്‍ ക്രമീകരിക്കലുമായിരുന്നു എന്നും മറുപടിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പു ദിവസം ഉമ്മന്‍ചാണ്ടി കണ്ണൂര്‍ സന്ദര്‍ശിച്ചതിനെതിരെ സി പി എം നേതാവ് എം വി ജയരാജന്‍ പതിനേഴാം തീയതി ജനപ്രാതിനിധ്യ നിയമത്തിലെ നൂറ്റിപ്പതിനാറാം വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാ‍തി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് അയച്ചത്.

വെബ്ദുനിയ വായിക്കുക