ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് പി ടി തോമസ്

തിങ്കള്‍, 17 ഫെബ്രുവരി 2014 (11:49 IST)
PRO
PRO
ഇടുക്കിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിറ്റിംഗ് എംപി പി ടി തോമസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെയാകും മണ്ഡലത്തില്‍ മത്സരിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് സ്ഥിരീകരിച്ചു. ഇടുക്കി വേണമെന്ന് ആവശ്യപ്പെട്ട് കേരളാകോണ്‍ഗ്രസ് രംഗത്ത് ഉള്ള സാഹചര്യത്തില്‍ യുഡിഎഫിലെ സീറ്റ് വിഭജനം ദുഷ്കരമാകും.

മത്സരിക്കുന്ന സ്ഥാനാര്‍ഥി എന്ന നിലയില്‍ സീറ്റിനെ കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ പി ടി തോമസ് ഇടുക്കിയില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. പ്രചാരണവുമായി മുന്നോട്ട് പോകാനാണ് തനിക്ക് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും പി ടി തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഇടുക്കി ആവശ്യപ്പെട്ടാല്‍ കോട്ടയം സീറ്റ് ചോദിക്കുമെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി വ്യക്തമാക്കിയിരുന്നു. ഒരിക്കലും അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നും ഇടുക്കി സീറ്റ് കോണ്‍ഗ്രസിന്റേതാണെന്നും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും മറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് പ്രതികരിച്ചു.

സിറ്റിംഗ് എംപി തന്നെ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ യോഗവും ആവശ്യപ്പെട്ടു. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് ജയിച്ച് വരുന്ന സീറ്റില്‍ പിന്‍വാതിലിലൂടെ യുഡിഎഫിലെത്തിയ ജോസഫ് ഗ്രൂപ്പിനു വേണ്ടി കേരള കോണ്‍ഗ്രസ് എം അവകാശം ഉന്നയിക്കുന്നത് നീതികരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക