ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. അധികാരമേറ്റ ഇടതുമന്ത്രിസഭയിലെ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വൈരുദ്ധ്യാത്മിക ഭൗതിക വാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാന പ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 എന്ന നമ്പര്‍ ഒഴിവാക്കി എന്ന് അറിയാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്‍മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ല. പതിമൂന്നാം നമ്പറിന് എന്താണ് കുഴപ്പം? വി എസ് മന്ത്രിസഭയില്‍ എം എ ബേബി പതിമൂന്നാം നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നു. 13 അശുഭ ലക്ഷണമാണ് എന്ന് തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇതിലും ഭേദം ഒരുകഷ്ണം കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാകുന്നതാണ് നല്ലതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.