പൊലീസിനോട് പറയാത്ത പല കാര്യങ്ങ‌ളും നടി അഭിമുഖത്തിൽ പറഞ്ഞു? നടിയെ തേടി പൊലീസ്

ബുധന്‍, 19 ഏപ്രില്‍ 2017 (08:37 IST)
കൊച്ചിയിൽ തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്. തന്നെ ആക്രമിച്ചത് പൾസർ സുനി ആണെന്നും അയാൾ ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും നടി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തുക.
 
ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്ത്രീ ആരാണെന്നതുസംബന്ധിച്ച് സൂചനയുണ്ടെന്നും എന്നാൽ, വ്യക്തമായ തെളിവ് നൽകാൻ കഴിയാത്തതിനാൽ പേര് വെളിപ്പെടുത്താനാകില്ലെന്നുമാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് വ്യക്തതവരുത്താനാണ് തീരുമാനം. നടി സംശയിക്കുന്ന സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
 
മലയാളത്തിലെ മറ്റൊരു നടിയാണ് ഇതെന്ന സംശയം നിലനിൽക്കുന്നുണ്ട്. നടി പരസ്യമായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇതിന്റെ വസ്തുത അന്വേഷിച്ചില്ലെങ്കിൽ അത് കേസിനെ ബാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതോടൊപ്പം, ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിലേക്ക് അക്രമം നടക്കുമ്പോൾ ചില കാളുകൾ എത്തിയിരുന്നു. ഇത് ഗൂഢാലോചനയിൽ ഏർപ്പെട്ടവരുടേതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

വെബ്ദുനിയ വായിക്കുക