ആവേശം വാരിവിതറി ‘ഭൈരവ’ കേരളത്തില്‍; വിജയ് ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ട്, സമരം നിര്‍ത്തി ആഘോഷത്തില്‍ പങ്കുചേരാന്‍ എ ക്ലാസ് തിയേറ്ററുകളും!

വ്യാഴം, 12 ജനുവരി 2017 (11:16 IST)
ഇളയദളപതി വിജയ് നായകനായ ‘ഭൈരവ’ കേരളത്തിലെ 200ലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു. സമരം മറന്ന് ചില എ ക്ലാസ് തിയേറ്ററുകളിലും ഭൈരവ ഉടന്‍ റിലീസ് ചെയ്യുമെന്ന് സൂചന. സമരത്തിന്‍റെ ചൂടിനിടയിലും ആഘോഷമായി മാറുകയാണ് വിജയ് ചിത്രം.
 
വിജയ് ആരാധകരെ ത്രസിപ്പിച്ചുകൊണ്ടാണ് ഭൈരവയുടെ റിലീസ്. രാവിലത്തെ ആദ്യ ഷോ ആരാധകര്‍ തിമര്‍ത്താഘോഷിച്ചു. നൃത്തം ചവിട്ടിയും പാലഭിഷേകം ചെയ്തും ചെണ്ടമേളം നടത്തിയും ഭൈരവയെ ആരാധകര്‍ എതിരേറ്റു. സിനിമയുടെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സമയോചിത ഇടപെടലാണ് ഭൈരവ റിലീസ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
 
ഫെഡറേഷന്‍റെ വരുതിയിലുള്ള 350ഓളം തിയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. എന്നാല്‍ ഭൈരവയ്ക്ക് ലഭിക്കുന്ന വന്‍ സ്വീകരണം മനസിലാക്കി ചില എ ക്ലാസ് തിയേറ്ററുകളും ഭൈരവ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, ആദ്യഷോ പൂര്‍ത്തിയാകുമ്പോള്‍ ഭരതന്‍ സംവിധാനം ചെയ്ത ഭൈരവയ്ക്ക് തകര്‍പ്പന്‍ റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. സമീപകാലത്ത് വിജയ് അഭിനയിച്ച ഏറ്റവും മികച്ച സിനിമയാണ് ഭൈരവ എന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

വെബ്ദുനിയ വായിക്കുക