ആറന്‍‌മുള വിമാനത്താവള നിര്‍മാണത്തിന് സ്‌റ്റേ

ചൊവ്വ, 2 ഏപ്രില്‍ 2013 (15:37 IST)
PRO
PRO
ആറന്‍മുള വിമാനത്താവള നിര്‍മ്മാണത്തിന് സ്‌റ്റേ. സുപ്രീം കോടതിയുടെ ഹരിത ട്രൈബ്യൂണലാണ് നിര്‍മാണം സ്‌റ്റേ ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് പദ്ധതി സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. കൃഷിഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

വിമാനത്താവള നിര്‍മ്മാണം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ആറന്‍മുളയില്‍ തുടരുന്ന ശക്തമായ സമരങ്ങള്‍ക്ക് ബലം കൂട്ടുന്നതാണ് ട്രൈബ്യൂണലിന്റെ വിധി. നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് എതിരെ മേധാ പട്കര്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതി അടിയന്തരമായി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പദ്ധതിക്കായി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്ന് പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരും പദ്ധതിക്ക് അനുകൂലമായാണ് നിലപാടെടുത്തിരിക്കുന്നത്. ആറന്മുള വിമാനത്താവളത്തിന് നയപരമായ അംഗീകാരം നല്‍കിയ യു ഡി എഫ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടുതലായി ഭൂമി ഏറ്റെടുക്കില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാടുകള്‍ വ്യവസായ വകുപ്പ് അന്വേഷിക്കുമെന്നും യു ഡി എഫ് നേതൃത്വം തീരുമാനമെടുത്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോ ളാണ് പദ്ധതിക്ക് അനുമതി നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക