ആരോപണം രാഷ്ട്രീയ പകപോക്കല്‍: ജോസഫ്

തിങ്കള്‍, 14 ജൂണ്‍ 2010 (20:35 IST)
PRO
താന്‍ മൂലം സംസ്ഥാനത്തിന് 120 കോടി രൂപ നഷ്ടമുണ്ടായെന്ന ആരോപണം രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്ന് മുന്‍ മന്ത്രി പി ജെ ജോസഫ്. പൊതുമരാമത്ത് വകുപ്പിന് ജോസഫ് 120 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

സംസ്ഥാനത്തെ ധനവകുപ്പാണ് കെ എസ് ടി പി പദ്ധതി സംബന്ധിച്ച് 18 കോടി കൊടുക്കേണ്ടതിന് പകരം 120 കോടി രൂപ നല്‍കേണ്ട അവസ്ഥയുണ്ടാക്കിയത്. നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം തോമസ് ഐസക്കിനാണ് - തൊടുപുഴയില്‍ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജോസഫ് ഇടപെട്ട് ധനവകുപ്പിന്‍റെ അനുമതിയില്ലാതെ കെ എസ് ടി പി കരാര്‍ നീട്ടിനല്‍കിയതിനാല്‍ സംസ്ഥാനത്തിന് 120 കോടി രൂപ നഷ്ടമായെന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. ധനവകുപ്പ്‌ അറിയാതെയാണ്‌ ഈ തീരുമാനം മന്ത്രി കൈക്കൊണ്ടതെന്നും ഐസക്ക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക