ആഭ്യന്തരമന്ത്രിയോടു മോഷണത്തെപ്പറ്റി പരാതിപ്പെട്ടയാളുടെ കാര്‍ മോഷണം പോയി
ശനി, 29 സെപ്‌റ്റംബര്‍ 2012 (14:36 IST)
PRO
മോഷണം പെരുകുന്നതായി ആഭ്യന്തരമന്ത്രിയോടു പരാതിപ്പെട്ട ശേഷം മടങ്ങിയെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കാര്‍ നിമിഷങ്ങള്‍ക്കകം മോഷ്‌ടാക്കള്‍ കൊണ്ടുപോയി. കനത്ത പോലീസ് കാവല്‍ ഉള്ളിടത്തു നിന്നായിരുന്നു മോഷണം.
ആഭ്യന്തരമന്ത്രിയും രാജ്യസഭാഉപാധ്യക്ഷനും പങ്കെടുത്ത യോഗത്തിനെത്തിയപ്പോള്‍ റാന്നി മണ്ഡലം പ്രസിഡന്റായ വി എം മാത്യുവിന്റെ മാരുതികാറാണു പട്ടാപ്പകല്‍ മോഷണം പോയത്. കെ എല്‍-3 9727 നമ്പറിലുള്ള മാരുതി 800ണ് ഇന്നലെ ഇട്ടിയപ്പാറയില്‍നിന്നു മോഷ്‌ടിക്കപ്പെട്ടത്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് റാന്നിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മാത്യു വേദിയുടെ സമീപത്തു നിന്നും കുറച്ച് അകലെയാണ് കാര്‍ പാര്‍ക്ക് ചെയ്‌തിരുന്നത്. സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനായിരുന്നു. ഡിവൈഎസ്‌പി അടക്കമുള്ള വന്‍ പോലീസ് സന്നാഹവും സ്‌ഥലത്തുണ്ടായിരുന്നു.
ഉദ്‌ഘാടനം കഴിഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടങ്ങുന്നതിനിടയില്‍ റാന്നിയില്‍ ഏറെക്കാലമായി സിഐ ഇല്ലാത്തതിനെക്കുറിച്ചും അടുത്തിടെയായി മോഷണം പെരുകുന്നതിനെപ്പറ്റിയും അദ്ദേഹം പരാതി പറഞ്ഞിരുന്നു. അതിനുശേഷം വാഹനമെടുക്കാന്‍ ചെന്നപ്പോഴാണ് സ്വന്തം കാര്‍ മോഷ്‌ടിക്കപ്പെട്ട വിവരം അറിയുന്നത്.