ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പിണറായി വിജയന്‍; ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വി എസ്
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (08:17 IST)
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അക്രമത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിനാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. ആ നിലവാരത്തില്‍ നിന്നും താഴേക്ക് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ അക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കണമെന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തുക എന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. സമരവുമായി മുന്നോട്ട് പോകുമെന്നും ആലപ്പുഴയില്‍ പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ അക്രമത്തില്‍ എല്‍ഡിഎഫിന് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.അക്രമത്തില്‍ എല്‍ഡിഎഫിന് പങ്കില്ലെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി സമരമാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്.
കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നാലിടത്തായി നടത്തിയ കരിങ്കൊടി ഉപരോധത്തില്‍ ആരും കല്ലേറ് നടത്തിയില്ലെന്നും ആരാണ് അക്രമണം നടത്തിയതെന്ന് അന്വേഷിക്കണമെന്നും എംവി ജയരാജന്‍ പറഞ്ഞു.