അവിഹിത ബന്ധം ആരോപിച്ച് കൊലപാതകം: ദമ്പതികള്‍ക്ക് ജീവപര്യന്തം
ബുധന്‍, 27 മാര്‍ച്ച് 2013 (17:47 IST)
PRO
PRO
ഫോറസ്റ്റ് ഗാര്‍ഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാര്‍ഡായിരുന്ന കോഴിക്കോട് ജില്ലയിലെ കാങ്ങോട് കായത്തൊടി നീലേച്ച്‌ന്നുമ്മല്‍ പവിത്രന്‍(39) കൊല്ലപ്പെട്ട കേസിലാണ് ജഡ്ജി ഫെലിക്സ് മേരിദാസ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശേരി കോളനിയിലെ ബാബു ഭാര്യ ഗീത എന്നിവരാണ് കേസിലെ പ്രതികള്‍. ഭാര്യയും രണ്ട് കുട്ടികളും ഉള്ള പവിത്രന് ഗീതയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2008 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോയ പവിത്രനെ കാണാതാകുകയായിരുന്നു.
തുടര്‍ന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം വെള്ളമുണ്ട സെക്ഷനില്‍ പെട്ട മംഗലശേരി മലയിലെ വനത്തിലാണ് പവിത്രന്റെ മൃതദേഹം കണ്ടെത്തിയത്. മംഗലശേരി മലയിലേക്ക് പവിത്രനെ ഗീത ഫോണില്‍ വിളിച്ച് വരുത്തി കൊല നടത്തിയതായാണ് പ്രോസിക്യൂഷന്‍ വാദം. തുടര്‍ന്ന് ബാബു വില്ല് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ ശേഷം കരിങ്കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്ന് വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ഉറുമ്പിന്‍കൂട് വെച്ച് കരിയിലകളും കമ്പുകളും കൊണ്ട് മൂടി. തുടര്‍ന്ന് പവിത്രന്റെ മൊബൈല്‍ ഫോണ്‍ കവറില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ടതായാണ് കേസ്.