കൃത്യമായ രേഖകളില്ലാത്ത കടത്തിയ 25 ലക്ഷം രൂപ പിടിച്ചെടുത്തു. ദേശീയപാതയില്‍ പരിശോധന നടത്തിയ പ്രത്യേക സംഘമാണ് പണം പിടിച്ചെടുത്തത്. കാറില്‍ കൊണ്ടുപോയ 25 ലക്ഷം രൂപയാണ് പിടികൂടിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുഴല്‍പ്പണം ഉണ്ടെങ്കില്‍ പിടികൂടാനായി നടത്തുന്ന അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കാറിലുണ്ടായിരുന്ന പാപ്പിനിവട്ടം തട്ടാരത്ത് കുഴിയില്‍ ടിഎസ് സമീര്‍ (36), പുന്നക്കുരു ബസാറിന് പടിഞ്ഞാറ് കളപ്പറമ്പത്ത് ഹംസ (51) എന്നിവരെ കസ്റ്റഡിയിലെടുത്തു.
കെഎല്‍47 ഡി 2777 നമ്പര്‍ നിസ്സാന്‍ കാറിലായിരുന്നു പണം കൊണ്ടുപോയിരുന്നത്. കാറിനകത്ത് ബാഗിന്റെ ഉള്ളില്‍ മറ്റൊരു ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത് എന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത പണവും കാറും ആദായനികുതിവകുപ്പ് ഏറ്റെടുത്തു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സെൈര്‍വലന്‍സ് ടീമാണ് ദേശീയപാതയിലെ എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറേവളവില്‍ വാഹനപരിശോധനക്കിടെ പണം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ഇത്തരത്തില്‍ 60 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തിരുന്നു.