അതിരപ്പള്ളിയില്‍ വിനോദസഞ്ചാരത്തിന് നിരോധനം

ചൊവ്വ, 6 ഓഗസ്റ്റ് 2013 (18:17 IST)
PRO
PRO
സംസ്ഥാനത്തെ പ്രമുഖ വെള്ളച്ചാട്ടങ്ങളായ അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നത് ജനത്തിനു ഭീഷണിയായതിനെ തുടര്‍ന്നാണിത്.

വരുന്ന മൂന്നു ദിവസത്തേക്കെങ്കിലും വിനോദസഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങളിലേക്ക് നിരോധനം തുടരുമെന്നാണ്‌ വാഴച്ചാല്‍ ഡിഎഫ്ഒ അബ്ദുള്‍ നാസര്‍ കുഞ്ഞ് പറഞ്ഞത്. ഇതിന്റെ ഭാഗമായി വാഴച്ചാല്‍ ചെക്ക് പോസ്റ്റ് മുതല്‍ സഞ്ചാരികളെ കടത്തിവിടുന്നത് തടഞ്ഞിരിക്കുകയാണ്‌.

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വെള്ളം തുറന്നുവിടുമ്പോള്‍ നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ്‌ നടപടി എന്ന് ഡിഎഫ്ഒ പറഞ്ഞു. ഇവിടേക്കുള്ള മലക്കപ്പാറ റോഡില്‍ ചില ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായതും വിനോദസഞ്ചാരികളെ നിരോധിച്ചതിനു കാരണമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക