കേരള നിയമസഭയുടെ ചരിത്രം

കേരള സംസ്ഥാനം നിലവില്‍ വന്നത് 1956 നവംബര്‍ ഒന്നാം തീയതിയാണെങ്കിലും നമ്മുടെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

നിയമനിര്‍മ്മാണത്തിനും അവയുടെ ക്രമീകരണത്തിനും മറ്റുമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1888 മാര്‍ച്ച് 30-ാം തീയതി പാസ്സാക്കിയ റെഗുലേഷനിലൂടെ ഒരു കൗണ്‍സില്‍ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്.

കൗണ്‍സിലിന്‍റെ ആദ്യയോഗം 1888 ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.00 മണിക്ക് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്‍റെ മുറിയില്‍ ചേര്‍ന്നു.

ശ്രീമൂലം അസംബ്ളി എന്ന ജനപ്രതിനിധിസഭ

1904-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്, കൗണ്‍സിലിനു പുറമേ 100 അംഗങ്ങളുള്ള ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്ളി (ജനപ്രതിനിധിസഭ) സ്ഥാപിച്ചതാണ് നിയമസഭാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്.

ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം 1904 ഒക്ടോബര്‍ 22-ന് വി.ജെ.ടി. ഹാളിലാണ് ചേര്‍ന്നത്.

1933 ജനുവരി 1 ന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം) ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരി മണ്ഡലം) എന്നീ പേരുകളില്‍ രണ്ടുസഭകള്‍ ഉണ്ടായി. രണ്ടു സഭകളുടെയും എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു.

1938 ഓഗസ്റ്റ് 6ന് ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ വി.ജെ.ടി. ഹാളിലെ അവസാന സമ്മേളനം നടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ളി ഹാളിലുള്ള അസംബ്ളിയുടെ ആദ്യ സമ്മേളനം 1939 ഫെബ്രുവരി 9 ന് വ്യാഴാഴ്ചയാണ് ചേര്‍ന്നത്. ഈ ഇരട്ടസഭ, 1947 സെപ്റ്റംബര്‍ 4 ന് ഉത്തരവാദഭരണ പ്രഖ്യാപനം നടക്കും വരെ തുടര്‍ന്നു.

ഉത്തരവാദഭരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പോപ്പുലര്‍ അസംബ്ളി, പ്രായപൂര്‍ത്തി വോട്ടവകാശം മുഖേന തെരഞ്ഞെടുക്കപ്പെടുന്ന 120 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സഭയെന്ന നിലയില്‍ തിരുവിതാംകൂറിന്‍റെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി ആദ്യയോഗം ചേരുകയും അസംബ്ളിയുടെ അദ്ധ്യക്ഷനായി എ. ജെ. ജോണിനെ തെരഞ്ഞെടുക്കുകയും ചെയ്തു.


തിരു - കൊച്ചി ഏകീകരണം

കൊച്ചി രാജ്യത്തിലും 1925-ല്‍ത്തന്നെ 45 അംഗങ്ങളുള്ള ആദ്യത്തെ നിയമസഭ സമിതി നിലവില്‍വന്നു. ഇതില്‍ 30 പേരെ തിരഞ്ഞെടുക്കുകയും 15 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു.

1947 ഓഗസ്റ്റ് 14-ാം തീയതി കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കുകയും 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി, നിയമസഭയായി പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ മഹാരാജാവിനെ രാജ്യത്തലവനാക്കി (രാജപ്രമുഖ്) 1949 ജൂലായ് ഒന്നിനു തിരുവിതാംകൂര്‍-കൊച്ചി ഏകീകരണം നടന്നു.

ഏകീകരിച്ച തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്‍റെ മുഖ്യമന്ത്രിയായി പറവൂര്‍ ടി.കെ. നാരായണപിള്ള സ്ഥാനമേല്‍ക്കുകയും സഭയുടെ ആദ്യ സ്പീക്കറായി ടി. എം. വര്‍ഗ്ഗീസിനെ 1949 ജൂലായ് 11 ന് തെരഞ്ഞെടുക്കുകയും ചെയ്തു.

ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24-ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നാംതീയതി സ്ഥാനമേറ്റ സി. കേശവന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.

ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായതിനുശേഷം 1951 ഡിസംബറില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എ. ജെ. ജോണിന്‍റെ നേതൃത്വത്തില്‍ 1952 മാര്‍ച്ച് 12-ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1952 സെപ്റ്റംബര്‍ പതിമൂന്നിന് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

1954 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പി. എസ്. പി. നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഒരു മന്ത്രിസഭ 1954 മാര്‍ച്ച് പതിനേഴാം തീയതി അധികാരത്തില്‍ വന്നുവെങ്കിലും 1955 ഫെബ്രുവരിയില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം രാജിവച്ചു.

പിന്നീടുവന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ 1956 മാര്‍ച്ച് 23 വരെ അധികാരത്തില്‍ തുടര്‍ന്നു. മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അസംബ്ളി പിരിച്ചുവിട്ട് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി.



ഐക്യ കേരളവും നിയമസഭകളും

സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍വന്നതോടെ 1956 നവംബര്‍ ഒന്നാം തീയതി തിരു-കൊച്ചി, മലബാര്‍ എന്നിവ സംയോജിപ്പിച്ചു കേരള സംസ്ഥാനം രൂപം കൊണ്ടു.

സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി-മാര്‍ച്ചിലാണ് നടന്നത്. 126 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്നു.

ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായി ആര്‍. ശങ്കരനാരായണന്‍ തമ്പി 1957 ഏപ്രില്‍ 27 ന് ചുമതലയേറ്റു. 1959 ജൂലായ് 31-ന് പ്രസിഡന്‍റ് ഇ. എം. എസ്. മന്ത്രിസഭയേയും നിയമസഭയേയും പിരിച്ചുവിട്ടു. സംസ്ഥാനം വീണ്ടും പ്രസിഡന്‍റ് ഭരണത്തിന്‍ കീഴിലായി.

രണ്ടാം കേരള നിയമസഭ

1960 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പി. എസ്. പി., മുസ്ളീം ലീഗ് സഖ്യം ഭൂരിപക്ഷം നേടുകയും, പി. എസ്. പി. നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവല്‍കരിക്കുകയും ചെയ്തു.

1960 മാര്‍ച്ച് 12-ന് കെ. എം. സീതി സാഹിബ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1961 ഏപ്രില്‍ 17-ന് അന്തരിച്ചു. ആ ഒഴിവില്‍ സി. എച്ച്. മുഹമ്മദ്കോയ 1961 ജൂണ്‍ 9-ന് സ്പീക്കറായി. 1961 നവംബര്‍ 10-ന് സി. എച്ച്. മുഹമ്മദ്കോയ സ്പീക്കര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് 1961 ഡിസംബര്‍ 13 ന് അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി.

1962 സെപ്റ്റംബര്‍ 26 ന് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവയ്ക്കുകയും കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കറിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ സ്ഥാനമേല്ക്കുകയും ചെയ്തു. എന്നാല്‍ 1964 സെപ്റ്റംബര്‍ എട്ടാം തീയതി ഈ മന്ത്രിസഭയ്ക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസ്സായതിനാല്‍ 1964 സെപ്റ്റംബര്‍ 10 ന് ഒരിക്കല്‍കൂടി സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി.

1965-ല്‍ തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ 1967 മാര്‍ച്ച വരെ സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം തുടര്‍ന്നു.

മൂന്നാം കേരള നിയമസഭ

1967 മാര്‍ച്ചില്‍ 133 സീറ്റുകളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി വിജയിക്കുകയും ശ്രീ. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ 1967 മാര്‍ച്ച് ആറാം തീയതി മന്ത്രിസഭ നിലവില്‍ വരികയും ചെയ്തു.

1967 മാര്‍ച്ച് 15 ന് ഡി. ദാമോദരന്‍ പോറ്റിയെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇ. എം. എസ്. മന്ത്രിസഭ 1969 ഒക്ടോബര്‍ 24 ന് രാജിവയ്ക്കുകയും മുന്നണിബന്ധങ്ങളിലുണ്ടായ ധ്രുവീകരണം, 1969 നവംബര്‍ ഒന്നാം തീയതി സി.പി.ഐ. നേതാവ് സി. അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് വഴിയൊരുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം 1970 ജൂണ്‍ 26 ന് നിയമസഭ പിരിച്ചുവിട്ടു. 1970 ഓഗസ്റ്റ് ഒന്നാം തീയതി മന്ത്രിസഭ രാജിവയ്ക്കുകയും 1970 ഓഗസ്റ്റ് നാലാം തീയതി സംസ്ഥാനം ഒരിക്കല്‍കൂടി പ്രസിഡന്‍റ് ഭരണത്തിന്‍ കീഴിലാവുകയും ചെയ്തു.


നാലാം കേരള നിയമസഭ

1970 സെപ്റ്റംബര്‍ 17-ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. സി. അച്യു തമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1970 ഒക്ടോബര്‍ നാലാം തീയതി അധികാരമേറ്റു. 1970 ഒക്ടോബര്‍ 22 ന് ശ്രീ. കെ. മൊയ്തീന്‍ കുട്ടി ഹാജി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

1975 മെയ് മാസം എട്ടാം തീയതി അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജിവച്ചു. 1976 ഫെബ്രുവരി 17-ന് . ടി. എസ്. ജോണ്‍ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്പീക്കറുടെ ചുമതലകള്‍ ഡെപ്യൂട്ടി സ്പീക്കര്‍. ആര്‍. എസ്. ഉണ്ണി നിര്‍വ്വഹിച്ചു. നിയമസഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 18 മാസം വരെ ദീര്‍ഘിപ്പിച്ചതിനാല്‍ അസംബ്ളി 1977 മാര്‍ച്ച് 22 വരെ നിലനിന്നു.

അഞ്ചാം കേരള നിയമസഭ

1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലങ്ങളുടെ എണ്ണം 133-ല്‍ നിന്ന് 140 ആയി ഉയര്‍ത്തപ്പെട്ടു. ഈ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1977 മാര്‍ച്ച് 25-ന് അധികാരമേറ്റു. ചാക്കീരി അഹമ്മദ്കുട്ടിയെ 1977 മാര്‍ച്ച് 28-ന് സ്പീക്കറായി തെരഞ്ഞെടുത്തു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് 1977 ഏപ്രില്‍ 25 ന് കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 1977 ഏപ്രില്‍ 27 ന് എ. കെ. ആന്‍റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1978 ഒക്ടോബര്‍ 27 ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

തുടര്‍ന്ന് 1978 ഒക്ടോബര്‍ 29 ന് മുഖ്യമന്ത്രിയായ പി. കെ. വാസുദേവന്‍ നായര്‍ 1979 ഒക്ടോബര്‍ ഏഴാം തീയതി രാജിവച്ചു. തുടര്‍ന്ന് സി. എച്ച്. മുഹമ്മദ്കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1979 ഒക്ടോബര്‍ 12-ന് അധികാരമേറ്റു. എങ്കിലും 1979 ഡിസംബര്‍ 5-ന് സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി.

ആറാം കേരള നിയമസഭ

പിന്നീട് 1980 ജനുവരി 3,6 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ. കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1980 ജനുവരി 25 ന് അധികാരത്തിലേറി. എ. പി. കുര്യനെ നിയമസഭാ സ്പീക്കറായി 1980 ഫെബ്രുവരി 15-ന് തെരഞ്ഞെടുത്തു.

ഈ മന്ത്രിസഭ 1981 ഒക്ടോബര്‍ 20-ന് രാജിവയ്ക്കുകയും സംസ്ഥാനം വീണ്ടും പ്രസിഡന്‍റ് ഭരണത്തിന്‍ കീഴിലാകുകയും ചെയ്തു. അസംബ്ളി പിരിച്ചുവിടാതെ സസ്പെന്‍റഡ് അനിമേഷനില്‍ നിലനിര്‍ത്തിയ ഈ കാലയളവില്‍ നടന്ന രാഷ്ട്രീയ ധ്രുവീകരണം കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണം കുറിച്ചു.

1981 ഡിസംബര്‍ 28 ന് ശ്രീ. കെ. കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റതോടെ എ. പി. കുര്യന്‍ 1981 ഫെബ്രുരി ഒന്നിന് സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിക്കുകയും തല്‍സ്ഥാനത്തേക്ക് . എ. സി. ജോസ് 1982 ഫെബ്രുവരി മൂന്നാം തീയതി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സ്പീക്കറെ കൂടാതെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 70 അംഗങ്ങള്‍ വീതം അംഗബലമുണ്ടായിരുന്ന സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ 1982 മാര്‍ച്ച് 17 ന് രാജിവച്ചു. സഭ 1982 മാര്‍ച്ച് 17 ന് തന്നെ പിരിച്ചുവിടുകയും സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.


ഏഴാം കേരള നിയമസഭ

1982 മേയ് 19 ന് ഏഴാം കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വിജയം കൈവരിക്കുകയും 1982 മേയ് 24 ന് കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. നിയമസഭാ സ്പീക്കറായി ശ്രീ. വക്കം പുരുഷോത്തമന്‍ 1982 ജൂണ്‍ 24 ന് തെരഞ്ഞടുക്കപ്പെട്ടു.

അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമൂലം 1984 ഡിസംബര്‍ 28 ന് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും തല്‍സ്ഥാനത്തേക്ക് വി. എം. സുധീരനെ 1985 മാര്‍ച്ച് എട്ടാം തീയതി തെരഞ്ഞെടുക്കുകയും ചെയ്തു.

ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ. എം.ഹംസക്കുഞ്ഞ്, വി. എം സുധീരന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിനുശേഷം 1987 മാര്‍ച്ച് 25 ന് രാജിവച്ചു.

എട്ടാം കേരള നിയമസഭ

എട്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 1987 മാര്‍ച്ച് 23 ന് നടന്നു. ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1987 മാര്‍ച്ച് 26 ന് സ്ഥാനമേറ്റു. നിയമസഭാ സ്പീക്കറായി വര്‍ക്കല രാധാകൃഷ്ണന്‍ 1987 മാര്‍ച്ച് 30 ന് തെരഞ്ഞെടുക്കപ്പെട്ടു.

കാലാവധി പൂര്‍ത്തിയാക്കുവാന്‍ ഒരുവര്‍ഷം അവശേഷിക്കെ മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1991 ഏപ്രില്‍ അഞ്ചാം തീയതി ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു.

തുടര്‍ന്ന് 1991 ജൂണ്‍ 12 ന് നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മുന്നണിക്കായിരുന്നു ഭൂരിപക്ഷം.

ഒന്‍പതാം കേരള നിയമസഭ

ഒന്‍പതാം കേരള നിയമസഭ 1991 ജൂണ്‍ 21 ന് നിലവില്‍ വരികയും കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1991 ജൂണ്‍ 24 ന് അധികാരമേല്‍ക്കുകയും ചെയ്തു.

ഒന്‍പതാം കേരള നിയമസഭയുടെ സ്പീക്കറായി പി. പി. തങ്കച്ചന്‍ 1991 ജൂലായ് ഒന്നാം തീയതി തെരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1995 മാര്‍ച്ച് 16 ന് രാജിവയ്ക്കുകയും എ. കെ. ആന്‍റണി നേതൃത്വം നല്‍കിയ മന്ത്രിസഭ 1995 മാര്‍ച്ച് 22 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

സ്പീക്കര്‍ പി. പി. തങ്കച്ചന്‍ 1995 മേയ് മൂന്നാം തീയതി രാജിവച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ 1995 ജൂണ്‍ 27ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ കെ. നാരായണക്കുറുപ്പ് 1995 മേയ് 4 മുതല്‍ ജൂണ്‍ 26 വരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു.

പൊതു തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ 1996 മേയ് ഒമ്പതാം തീയതി രാജിസമര്‍പ്പിക്കുകയും1996 മേയ് 14 ന് ഒന്‍പതാം കേരള നിയമസഭ പിരിച്ചുവിടുകയും ചെയ്തു.

പത്താം കേരളനിയമസഭ

പത്താം കേരളനിയമസഭ 1996 മേയ് 14 ന് നിലവില്‍ വന്നു. ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1996 മേയ് 20 ന് അധികാരമേറ്റു. പത്താം കേരള നിയമസഭയുടെ സ്പീക്കറായി എം. വിജയകുമാറിനെ 1996 മേയ് 30 ന് തെരഞ്ഞെടുത്തു.

സെക്രട്ടേറിയേറ്റിലെ നിയമസഭാ മന്ദിരത്തില്‍ കേരള നിയമസഭയുടെ അവസാനയോഗം ചേര്‍ന്നത് 1998 ജൂണ്‍ 29 ന് ആയിരുന്നു. പുതുതായി നിര്‍മ്മിച്ച നിയമസഭാ കോംപ്ളക്സിലെ നിയമസഭാഹാളില്‍ ആദ്യമായി യോഗം ചേര്‍ന്നത് 1998 ജൂണ്‍ 30-ന് ആണ്.

പതിനൊന്നാം കേരള നിയമസഭ

പതിനൊന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2001 മേയ് 10 ന് നടന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു. ഡി. എഫ്. മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2001 മേയ് 13 ന് രാജി സമര്‍പ്പിക്കുകയും പത്താം കേരള നിയമസഭ 2001 മേയ് 16 ന് പിരിച്ചു വിടുകയും ചെയ്തു.

പതിനൊന്നാം കേരള നിയമസഭ 2001 മേയ് 16 - ന് നിലവില്‍ വന്നു. എ. കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മേയ്-17 ന് അധികാരമേറ്റു.

പതിനൊന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനം 2001 ജൂണ്‍ അഞ്ചിന് കൂടി. നിയമസഭാ സ്പീക്കറായി വക്കം പുരുഷോത്തമന്‍ ജൂണ്‍ ആറാം തീയതി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രണ്ടു തവണ നിയമസഭാ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ അംഗം എന്ന ബഹുമതിക്ക് വക്കം പുരുഷോത്തമന്‍ അര്‍ഹനായി.

ഓഗസ്റ്റ് 29 നു എ കെ ആന്‍റണി രാജിവെച്ചു. 31 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീട് സ്പീക്കറായി.

വെബ്ദുനിയ വായിക്കുക