1996ലും 2001ലും ചേര്‍പ്പില്‍ നിന്നും നിയമസഭയിലെത്തിയ കെ.പി.രാജേന്ദ്രന്‍ ഇത്തവണ കൊടുങ്ങല്ലൂരില്‍ നിന്നാണ് സഭയിലെത്തുന്നത്. ചേര്‍പ്പ് നല്‍കാത്ത സൗഭാഗ്യം കൊടുങ്ങല്ലൂര്‍ മന്ത്രിസ്ഥാനമായി രാജേന്ദ്രന് നല്‍കുന്നു. തൊഴിലാളി സമരങ്ങളുടെ ചരിത്രം ഉറങ്ങുന്ന അന്തിക്കാട് സ്വദേശിയായ രാജേന്ദ്രന്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ കെ.പി. പ്രഭാകറിന്‍റെ മകനാണ്.
11-ാം നിയമസഭയില്‍ സി.പി.ഐ സഭാകക്ഷി നേതാവായിരുന്ന രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്പോഴാണ് മന്ത്രിപദവി അദ്ദേഹത്തെ തേടിയെത്തുന്നത്. അന്തിക്കാട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രാജേന്ദ്രന്‍ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നാട്ടിക എസ്.എന്‍.കോളജ്, തൃശൂര്‍ ഗവ.കോളജ്, കേരളവര്‍മ്മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍ എ.ഐ.ടി.യു.സിയിലൂടെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. 91ല്‍ തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടിയെങ്കിലും വിജയിച്ചില്ല.
നിരവധി ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന രാജേന്ദ്രന്‍ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ ജര്‍മ്മനി, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് 2003ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 12 ദിവസം നിരാഹാരം അനുഷ്ടിച്ചു.
പ്ളാച്ചിമട കൊക്കകോള വിരുദ്ധ സമരം, കരിമണല്‍ ഖനന വിരുദ്ധ സമരം, ആതിരപ്പള്ളി ജല സംരക്ഷണ സമരം തുടങ്ങി ഒട്ടേറെ ബഹുജന സമരങ്ങളില്‍ മുന്നണിപ്പോരാളിയായി. തൃശൂര്‍ ചേതനാ ട്രസ്റ്റ് കെമിക്കല്‍സില്‍ ക്വാളിറ്റി അഷ്വറന്‍സ് മാനേജരായ അനിയാണ് ഭാര്യ. അഞ്ജന, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.