4 ജിയേക്കാൾ എട്ടിരട്ടി വേഗം: റിലയൻസ് ജിയോ 5ജിയുടെ പരീക്ഷണ റിപ്പോർട്ട് പുറത്ത്

വെള്ളി, 28 ജനുവരി 2022 (19:22 IST)
ഈ വർഷം അവസാനത്തോടെ ഇന്ത്യൻ നഗരങ്ങളിൽ 5ജി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 മെട്രോ നഗരങ്ങളിലായിരിക്കും ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്റെ പ്രഖ്യാപനം. ഇതിനിടെ രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളില്‍ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയായതായി അടുത്തിടെ ജിയോ പ്രഖ്യാപിച്ചിരുന്നു. 
 
തദ്ദേശീയമായി വികസിപ്പിച്ച 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് ജിയോ 5ജി സേവനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി നടത്തിയിരിക്കുന്ന 5ജി വേഗ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.91 മൊബൈല്‍സ് പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടിലെ വിവരം അനുസരിച്ച് റിലയന്‍സ് ജിയോയുടെ 5ജി നെറ്റ് വര്‍ക്ക് നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ എട്ടിരട്ടി വേഗതയുള്ളതാണ്.
 
420 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 412 എംബിപിഎസ് അപ് ലോഡ് വേഗത‌യും ഉപഭോക്താവിന് ലഭിക്കും. മുംബൈ നഗരത്തിലാണ് 5ജി നെറ്റ് വര്‍ക്കിന്റെ വേഗ പരിശോധന നടന്നത്. റിലയന്‍സ് ജിയോയുടെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിന് 46.82 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 25.31 എംബിപിഎസ് അപ് ലോഡ് വേഗവുമാണുള്ളത്.
 
ജിയോയെ കൂടാതെ ടെലികോം ഉപഭോക്താക്കളായ എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി അവതരിപ്പിച്ചേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍