പ്രോജക്ട് ടൈറ്റന്‍; വരുന്നു ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (11:38 IST)
ഡ്രൈവറില്ലാത്ത കാര്‍ അവതരിപ്പിച്ച് വാഹന വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ രംഗത്തെത്തിയത്. ഗൂഗിളിന്റെ ഡ്രൈവറില്ല കാറുകള്‍ നിരത്തുകള്‍ ഓടാനും തുടങ്ങി. എന്നാലിലതാ ഗൂഗിളിനെ മാത്രമല്ല സമാനരീതിയില്‍ ചിന്തിക്കുന്ന മറ്റ് വാഹന നിര്‍മ്മാതക്കളുടെയും ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ രംഗത്ത് വരുന്നു. സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിള്‍ തങ്ങളുടെ രഹസ്യ കേന്ദ്രത്തില്‍ ഡ്രൈവറില്ലാ കാറ് നിര്‍മ്മിക്കാനുള തയ്യാറെടുപ്പുകളിലാണ്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്. അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലാണ് പുതിയ കാറിന്റെ രൂപകല്പനയും പരീക്ഷണങ്ങളും നടക്കുന്നത്. 'പ്രോജക്ട് ടൈറ്റന്‍' എന്നാണ് ആപ്പിള്‍ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ ജോന്നാഥന്‍ ഈവ് മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കാര്‍ നിര്‍മ്മാണത്തിനായി ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെല്‍സയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കി. ടെല്‍സയിലെ സീനിയര്‍ എന്‍ജിനീയര്‍ ജെയ്മി കാള്‍സണ്‍ ഉള്‍പ്പെടെ ആറു പേര്‍ ഇതിനോടകം ആപ്പിളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ആപ്പിള്‍ ഇവരെ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര കാര്‍ കമ്പനിയായ ബിഎംഡബ്ല്യുവുമായി കൂട്ടുകെട്ടിനും ആപ്പിളിനും പദ്ധതിയുണ്ട്.