ഉപയോക്താക്കൾക്ക് പുതിയ ഒരു ഫീച്ചർ കൂടി എത്തിക്കാനായുള്ള ഒരുക്കത്തിലാണ് വാട്ട്‌സ് ആപ്പ്. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾ ഇനി നേരിട്ട് ഫെയ്സ്ബുക്ക് സ്റ്റോറിയാക്കി മാറ്റാം. വാട്ട്‌സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.19.151 വേർഷനിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങി എന്ന് വബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾ തന്നെ ഉപയോക്താക്കൾ ഫെയ്സ്ബുക്ക് സ്റ്റോറിയായി അപ്‌ലോഡ് ചെയ്യാറുണ്ട്. ഇത് കൂടുതൽ ലളിതമാക്കുന്നതിനായാണ് പുതിയ സംവിധാനം. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾ നേരിട്ട് തന്നെ ഫെയിസ്ബുക്ക് സ്റ്റോറിയായി അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. ഇതിനായി വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ടാബിൽ തന്നെ 'ആഡ് ടു ഫെയ്സ്ബുക്ക് സ്റ്റോറി' എന്ന പ്രത്യേക ഐക്കൺ ഉണ്ടാകും.
ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ നേരെ ഫെയ്സ്ബുക്കിലെ സ്റ്റോറി ഓപ്ഷനിലെത്തും. ഫെയിസ്ബുക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മത്രമേ ഈ ഫീച്ചർ ലഭ്യമാകാൻ സാധ്യതയുള്ള. ബ്രൗസറുകൾ വഴിയാണ് ഫെയിസ്ബുക്ക് ഉപയോഗിക്കുന്നത് എങ്കിൽ ഈ സംവിധാനം ലഭ്യമായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. വൈകാതെ തന്നെ മുഴുവൻ ആൻഡ്രോയിഡ് ഐ ഒ എസ് പത്തിപ്പുകളിലും സംവിധാനം ലഭ്യമാകും.