മാരത്തോണ്‍ എം5... 6000 എംഎഎച്ച് ബാറ്ററിയുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍
വ്യാഴം, 11 ജൂണ്‍ 2015 (17:32 IST)
എളുപ്പത്തില്‍ തീരുന്ന ബാറ്ററിയാണ് സ്മാര്‍ട്‌ഫോണുകളുടെ പ്രശ്‌നമ്. നിരവധി ആപ്പുകള്‍ ഒരേസമയം പരവര്‍ത്തിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ ഒരുദിവസം പോലും ചാര്‍ജ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. എന്നാല്‍ ഇനി ബാറ്ററി ചാര്‍ജ് തീരുമെന്ന് കരുതേണ്ടതില്ല. അത്യാവശ്യമെങ്കില്‍ മറ്റ് ഫോണുകള്‍ക്ക് പോലും ജീവന്‍ പകരാന്‍ കഴിയുന്‍ പവര്‍ബാങ്കായിപോലും പ്രവര്‍ത്തിക്കുന്ന കിടിലന്‍ ഫോണുമായി ചൈനീസ് കമ്പനിയായ ജിയോണി രംഗത്തെത്തി.
മാരത്തോണ്‍ എം5 ( Marathon M5 ) എന്ന ലോകത്തെ ആദ്യത്തെ 6000 എംഎഎച്ച്. ബാറ്ററിയുള്ള സ്മാര്‍ട്ട് ഫോണുമായാണ് ജിയോണി എത്തിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ നാലുദിവസം ബാറ്ററി ആയുസ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് ശതമാനം മാത്രം ചാര്‍ജ് ഉപയോഗിച്ച് 62 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ് സമ്മാനിക്കുന്ന എക്‌സ്ട്രീം മോഡ് എന്ന ഓപ്ഷനും ഫോണിലുണ്ട്.
13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുള്ള മാരത്തോണ്‍ എം5 ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണാണ്. ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. രണ്ട് സിം കാര്‍ഡ് സ്ലോട്ടും 4ജി എല്‍ടിഇ കണക്ടിവിറ്റി നല്‍കുന്നതാണ്. 720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് എച്ച്. ഡി. അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.
1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ മീഡിയാടെക് എംടി6735 ചിപ്‌സെറ്റ്, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് (എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം), രണ്ട് ജി.ബി.റാം എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അത്യാവശ്യഘട്ടങ്ങളില്‍ മറ്റ് രണ്ടു ഡിവൈസുകളിലേക്ക് ചാര്‍ജ് പകരാനും മാരത്തോണ്‍ എം5 ഫോണിനാകും എന്നതിനാല്‍ മാരത്തോണ്‍ എം5നെ സ്മാര്‍ട്ട് ഫോണ്‍ കം പവര്‍ ബാങ്ക് എന്നും വിശേഷിപ്പിക്കാം. ജൂണ്‍ 15 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകുന്ന മാരത്തോണ്‍ എം5 യ്ക്ക് 2,299 ചൈനീസ് യുവാനാണ് (23,625 രൂപ) വില.