ഇന്ത്യയുടെ സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് 'ഹാക്കര്‍'മാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ചൈന അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണത്തിന് ഇരയായിട്ടുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഭൂരിഭാഗം നെറ്റ് ശൃംഖലകളും ഹാക്കിംഗ് ഭീഷണിയിലാണ്. ചൈനയ്ക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ പ്രധാന സൈറ്റുകളൊക്കെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലായ വക്താവ് മാ ഷൌക്സു പറഞ്ഞു.
പുറം രാജ്യങ്ങളില്‍ നിന്ന് ചൈനയെ ആക്രമിക്കുന്ന ഹാക്കര്‍മാരുടെ എണ്ണം 2008 വര്‍ഷത്തില്‍ 148 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദേശരക്ഷ ഉപദേഷ്ടാവ് എം കെ നാരായണന്റെ ഓഫീസിലെയും മറ്റു ചില സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം.
'ട്രോജന്‍' വൈറസ് അടങ്ങിയ പി ഡി എഫ് ഫയല്‍ അറ്റാച്ച് ചെയ്ത ഇ-മെയിലിന്റെ രൂപത്തിലാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.