ഛേ... നശിപ്പിച്ചത് 4.82 ദശലക്ഷം മണിക്കൂര്‍!

ബുധന്‍, 26 മെയ് 2010 (13:31 IST)
PRO
PRO
ലോകത്ത് ഒരു ഗെയിമിനും ഇത്രയധികം സമയത്തെ കൊല്ലാന്‍ കഴിയുമെന്ന് തോന്നുന്നില്ല... അതും ആഗോള തലത്തില്‍... അതെ, എങ്കില്‍ അത് സംഭവിച്ചു... കഴിഞ്ഞ ആഴ്ച പാക്മാന്‍ ഗെയിമിന്റെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ഒരുക്കിയ കെണിയില്‍ ‍(പാക് മാന്‍ ഗെയിം) പെട്ടത് നിരവധി പേരാണ്.

ആഗോളതലത്തിലുള്ള നെറ്റ് ഉപയോക്താക്കളുടെ വിലപ്പെട്ട സമയമാണ് ഗൂഗിള്‍ പാക്മാന്‍ ഡൂഡില്‍ നശിപ്പിച്ചത്. കേവലം 48 മണിക്കൂര്‍ മാത്രമാന് പാക്മാന്‍ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ ലഭ്യമായത്. അതെ, ഈ സമയത്തിനുള്ളില്‍ ലോക നെറ്റ് ഉപയോക്താക്കളുടെ 4.82 ദശലക്ഷം മണിക്കൂര്‍ നഷ്ടപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്.

ബ്രിട്ടണില്‍ മാത്രമായി അഞ്ചു ദശലക്ഷം മണിക്കൂര്‍ നഷ്ടപ്പെടുത്തി. ഇത്രയും സമയത്തിനുള്ളില്‍ ബ്രിട്ടണ് നഷ്ടപ്പെട്ടത് 120 ദശലക്ഷം ഡോളറാണ്. അതെ, കളി കാര്യമായിയെന്ന് തന്നെ പറയാം. ബ്രിട്ടണില്‍ മാത്രം ഇത്രയധികം സാമ്പത്തിക നഷ്ടം വരുത്തിയ പാക്മാന്‍ ഡൂഡിള്‍ ഇന്ത്യയിലും ബ്രസീലിലും ഇതിലും ഉയര്‍ന്ന തുക നഷ്ടപ്പെടുത്തിയിട്ടുണ്ടാകും.
PRO
PRO


ഗൂഗിള്‍ ഹോം പേജിലെ പാക്മാന്‍ കളിക്കാനായി 505 ദശലക്ഷം പേരെത്തി. ഇവരില്‍ ഭൂരിഭാഗവും വന്‍‌കിട കമ്പനികളിലെ തൊഴിലാളികളായിരുന്നു. ലോകത്തെ വിവിധ കമ്പനികളിലെ തൊഴിലാളികളുടെ 4,819,352 മണിക്കൂര്‍ സമയമാണ് പാക്മാന്‍ ഡൂഡിള്‍ തട്ടിയെടുത്തത്. ഇത്രയും സമയത്തിനുള്ളില്‍ 120,483,800 ഡോളര്‍ നഷ്ടം നേരിട്ടു.

അതേസമയം, ഗൂഗിള്‍ പോസ്റ്റ് ചെയ്ത പാക്മാന്‍ ഗെയിം കളിക്കാന്‍ അറിയാത്തവരായിരുന്നു മിക്കവരും. പാക്മാന്‍ കളിക്കാന്‍ മിക്കവരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാക്മാന്‍ കളിക്കുന്നതിന് നിര്‍ബന്ധമായും ഇന്‍സര്‍ട്ട് കോയിന്‍ ബട്ടന്‍ അമര്‍ത്തേണ്ടതുണ്ട്. ഇത് ഒട്ടു മിക്ക നെറ്റ് ഉപയോക്താക്കള്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല.

അടുത്ത പേജില്‍, പാക്മാന്‍ വന്ന വഴി...

PRO
PRO
പാക്മാന്‍ കളി തുടങ്ങിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയായ നിമിഷത്തിലാണ് ഗൂഗിള്‍ പാക്മാന്‍ ഡൂഡിള്‍ പുറത്തിറക്കിയത്. ഗൂഗിളിന്റെ ലോഗോ തന്നെ പാക്മാന്‍ ഗെയിം കൊണ്ടാണ് അലങ്കരിച്ചത്. ഇത് ആദ്യമായാണ് ഒരു കമ്പ്യൂട്ടര്‍ ഗെയിം ഗൂഗിളിന്റെ ലോഗോയായി വരുന്നത്. മെയ് 21 രാത്രി മുതലാണ് ഗൂഗിള്‍ പൂമുഖ പേജില്‍ പാക്മാന്‍ വീഡിയോ ഗെയിം ലോഗോ പ്രത്യക്ഷപ്പെട്ടത്. പാക്മാന്‍ ഗെയിമിന്റെ ജന്മ നാടായ ജപ്പാനില്‍ അര്‍ധരാത്രിയാണ് ലോഗോ വന്നത്. വളരെ ലളിതമായ പാക്മാന്‍ ഗെയിം പുറത്തിറങ്ങി കുറച്ച് വര്‍ഷത്തിനുള്ളില്‍ തന്നെ വന്‍ ജനപ്രീതി നേടിയിരുന്നു.

1980 മെയ് 22നാണ് പാക്മാന്‍ ഗെയിം പുറത്തിറങ്ങുന്നത്. ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാംകോയ്ക്ക് വേണ്ടി തൊറു ഇവതാനിയാണ് പാക്മാന്‍ ഗെയിം വികസിപ്പിച്ചെടുത്തത്. അതേസമയം, പാക്മാന്‍ ഡൂഡില്‍ ഗൂഗിള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ലോഗോയായിരുന്നു ഇത്. പാക്മാന്‍ ആര്‍കേഡ് ഗെയിമിന്റെ എല്ലാ തനിമകളും നിലനിര്‍ത്തിയാണ് ഗൂഗിള്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടത്. മ്യൂസികും ഇതിനോടൊപ്പം ചേര്‍ത്തിരുന്നു.

കോയിന്‍ ഓപ്പറേറ്റഡ് ഗെയിം ചരിത്രത്തില്‍ പാക്മാന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഗെയിം കൂടിയാണ് പാക്മാന്‍. ഇതിനു മുമ്പുള്ള ഗൂഗിള്‍ ഡൂഡിലുകളെല്ലാം വലിയ ജനപ്രീതി നേടിയിരുന്നില്ല. ‘നിങ്ങളുടെ ഹോം പേജിന് എന്തു സംഭവിച്ചു, പാക്മാന്‍ ഗെയിം ഓഡിയോ പ്ലേ ചെയ്യുന്നുണ്ടല്ലോ?’ എന്ന സന്ദേശമാണ് നെറ്റ് ഉപയോക്താക്കളില്‍ നിന്ന് അന്നത്തെ ദിനത്തില്‍ ഗൂഗിളിന് ലഭിച്ചത്. പലരും കരുതിയത് ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്. ഇത്തരത്തിലുള്ള ഇരുന്നൂറിലധികം മെയിലുകളും ഹെല്‍‌പ് പേജ് സംശയങ്ങളും ഗൂഗിളിന് ലഭിച്ചിരുന്നു. തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ വൈറസ്ബാധയേറ്റെന്ന് ഭയപ്പെട്ടവരും കുറവല്ല.

വെബ്ദുനിയ വായിക്കുക