ഉപയോക്താക്കള്‍ ഐഎംഇഐ നമ്പറുകളില്ലാത്ത ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
ഇതിനെ തുടര്‍ന്ന് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കണക്ഷന്‍ ഏതു സമയത്തും റദ്ദ് ചെയ്തേക്കാമെന്ന് ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഈ വര്‍ഷമാദ്യം ചൈനീസ് മൊബൈലുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ വിലക്കണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ഓപ്പറേറ്റര്‍മാര്‍ ഇതുവരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നില്ല.
ഉപയോക്താവിനെ തിരിച്ചറിയാനും പ്രസ്തുത ഫോണില്‍ നിന്നുള്ള വിളികള്‍ നിരീക്ഷിക്കാനും ഓപ്പറേറ്റര്‍മാരെ സഹായിക്കുന്ന ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് നമ്പര്‍ (ഐഎംഇഐ) ഇല്ലാത്തതിനാല്‍ ചൈനീസ് നിര്‍മിത മൊബൈലുകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് വ്യാപക പരാതിയുണ്ടായിരുന്നു.
ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പ് നിയമപരമല്ലാത്ത മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിര്‍ത്തണമെന്നാണ് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.