ചൈനയില്‍ ഐഫോണ്‍ വില്‍പ്പന ഒക്ടോബറില്‍

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (16:18 IST)
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ജനപ്രിയ സെറ്റ് ഐഫോണിന്‍റെ ചൈനയിലെ വില്‍പ്പന ഒക്ടോബര്‍ മുതല്‍ തുടങ്ങും. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ യൂണികോമാണ് ആപ്പിളിന്‍റെ ഐഫോണ്‍ വില്‍പ്പന നടത്തുന്നത്. ചൈനയില്‍ അയ്യായിരം യുവാണ്(732.5 ഡോളര്‍) ഐഫോണ്‍ വില്‍ക്കുക.

ഉല്‍പ്പന്നം ചൈനീസ് വിപണിയില്‍ എത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ആപ്പിള്‍ വക്താവ് അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട വിപണികളിലെല്ലാം ഐഫോണ്‍ എത്തിയിരുന്നെങ്കിലും ചൈനയില്‍ മാത്രം വില്‍പ്പന തുടങ്ങിയിരുന്നില്ല. ചൈനീസ് വിപണി പ്രവേശനം ഐഫോണ്‍ വില്‍പ്പനയില്‍ ഏറെ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള രാജ്യം കൂടിയാണ് ചൈന. ചൈനയില്‍ ഏകദേശം 687 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. 270 ദശലക്ഷം വരിക്കാരുള്ള അമേരിക്കയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചൈനയിലെ മൊബൈല്‍ വിപണിയില്‍ ഐഫോണിന് ഏറെ മുന്നേറ്റം നടത്താനാകും.

അതേസമയം, ചൈനയില്‍ ഇറങ്ങുന്ന മറ്റു ചില കമ്പനികളുടെ സ്മാര്‍ട്ടു ഫോണുകളുമായി ഐഫോണിന് മത്സരിക്കേണ്ടി വരും. അടുത്ത് തന്നെ പ്രമുഖ കമ്പനികളൊക്കെ ചൈനയില്‍ നൂതന സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാനുള്ള പദ്ധതിയിലാണ്. കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്ലിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ആദ്യമായി പുറത്തിറക്കുന്നത് ചൈനീസ് വിപണിയിലാണ്.

ചൈനയില്‍ പ്രമുഖ ടെലികോം സേവനദാതാക്കളായ ചൈന യൂണികോമുമായി ചേര്‍ന്നാണ് ഐഫോണ്‍ വിതരണം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക